ഹിറ്റ്‌ലർ ജനിച്ച വീട് പൊലീസ് സ്റ്റേഷനാക്കുന്നു; ലക്ഷ്യം നാത്‌സി അനുകൂലികളുടെ സന്ദർശനം നിരുത്സാഹപ്പെടുത്തുക
Mail This Article
വിയന്ന ∙ നാത്‌സി സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലർ 1889 ൽ ജനിച്ച ഓസ്ട്രിയയിലെ വീട് പൊലീസ് സ്റ്റേഷനാക്കാനുള്ള ജോലികൾക്കു തുടക്കമായി. 2026 ആദ്യം പൂർത്തിയാകും. ജർമൻ അതിർത്തിയോടു ചേർന്നുള്ള ബ്രൗണാവുവിലാണു മൂന്നുനിലക്കെട്ടിടം. നാത്‌സി അനുകൂലികളുടെ സന്ദർശനം നിരുത്സാഹപ്പെടുത്താനാണ് ഇവിടം പൊലീസ് സ്റ്റേഷനാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കു മനുഷ്യാവകാശ പരിശീലനം നൽകാനുള്ള സെക്യൂരിറ്റി അക്കാദമിയുമുണ്ടാകും.
1972 മുതൽ കെട്ടിടം ദുരുപയോഗം തടയാനായി വിവിധ ജീവകാരുണ്യ സംഘടനകൾക്കും മറ്റും വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. ഭിന്നശേഷി പരിചരണകേന്ദ്രമാണ് 2011 വരെ പ്രവർത്തിച്ചിരുന്നത്. പുതിയ നീക്കത്തെ വിമർശിക്കുന്നവരുമുണ്ട്. നാത്‌സി ഭീകരതയിൽനിന്നു ജൂതരെ രക്ഷിച്ചവരുടെ ഓർമയ്ക്കായുള്ള കേന്ദ്രം തുടങ്ങാമായിരുന്നുവെന്നതാണ് ബദൽ നിർദേശങ്ങളിലൊന്ന്.
English Summary: Adolf Hitler's birthplace to become a police station