യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആർഎഫ്കെ ജൂനിയർ
Mail This Article
വാഷിങ്ടൻ ∙ അടുത്ത വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു റോബർട്ട് എഫ്.കെന്നഡി ജൂനിയർ പ്രഖ്യാപിച്ചു. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ സഹോദരനും മുൻ സെനറ്ററുമായ റോബർട്ട് എഫ്.കെന്നഡിയുടെ പുത്രനാണു പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ റോബർട്ട് എഫ്.കെന്നഡി ജൂനിയർ.
ഡെമോക്രാറ്റ് സ്ഥാനാർഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് അദ്ദേഹം ഫിലാഡൽഫിയയിൽ അറിയിച്ചു. യുഎസിലെ വിഭാഗീയ രാഷ്ട്രീയത്തിൽ മനംമടുത്തവർക്കുള്ള അവസരമാണു തന്റെ സ്ഥാനാർഥിത്വമെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സർവേകളിൽ യുഎസിലെ ഏഴിൽ ഒരാളുടെ വോട്ട് ലഭിക്കാൻ സാധ്യതയുള്ള കെന്നഡിയുടെ സ്ഥാനാർഥിത്വം ഇപ്പോഴത്തെ പ്രസിഡന്റ് ഡെമോക്രാറ്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ ഡോണൾഡ് ട്രംപും പ്രധാന സ്ഥാനാർഥികളാകുമെന്നു കരുതുന്ന തിരഞ്ഞെടുപ്പുരംഗം സങ്കീർണമാക്കും.
എന്നാൽ, റോബർട്ടിന്റെ നീക്കത്തോട് കെന്നഡി കുടുംബത്തിന് വലിയ താൽപര്യമില്ല. അദ്ദേഹത്തിന്റെ സഹോദരങ്ങളായ കെറി കെന്നഡി, റോറി കെന്നഡി, ജോസഫ് കെന്നഡി ജൂനിയർ എന്നിവർ റോബർട്ടിന്റെ സ്ഥാനാർഥിത്വത്തെ തള്ളിപ്പറഞ്ഞു. പിതാവിന്റെ പേരു പങ്കുവയ്ക്കുന്നുണ്ടെങ്കിലും റോബർട്ടിന്റെ നിലപാടുകളും പ്രവർത്തനശൈലിയും വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.
ഇതേസമയം, റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വ മത്സരത്തിൽ നിന്ന് ജനപ്രതിനിധിസഭാംഗം വിൽ ഹേഡ് പിന്മാറി. ദക്ഷിണ കാരലൈന മുൻ ഗവർണർ നിക്കി ഹേലിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.