ADVERTISEMENT

ന്യൂയോർക്ക് ∙ 1953 ൽ ഇറാനിലെ പ്രധാനമന്ത്രിയെ അധികാരഭ്രഷ്ടനാക്കിയ അട്ടിമറി ജനാധിപത്യവിരുദ്ധമായിരുന്നെന്ന് ‘ലാംഗ്ലി ഫയൽസ്’ എന്ന ഔദ്യോഗിക പോഡ്കാസ്റ്റിൽ യുഎസ് രഹസ്യാന്വേഷണ സംഘടന സിഐഎ തുറന്നു സമ്മതിച്ചു. 2009 ൽ കയ്‌റോയിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇത് ഏറ്റുപറഞ്ഞിരുന്നു. ഇറാനിലെ ജനങ്ങൾക്കിടയിൽ യുഎസ് വിരുദ്ധ മനോഭാവം രൂപപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ അട്ടിമറിയാണ്. 

1953 ഓഗസ്‌റ്റ് 19ന് ആണ് ഇറാൻ പ്രധാനമന്ത്രി മുഹമ്മദ് മുസാദിഖിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാർ പുറത്താക്കപ്പെട്ടത്. സിഎഎയ്ക്കൊപ്പം ബ്രിട്ടിഷ് ചാരസംഘടനയായ എം ഐ സിക്സും അട്ടിമറിയിൽ പങ്കാളികളായിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം മറ്റൊരു രാജ്യത്തെ ജനാധിപത്യ സർക്കാരിനെതിരെ യുഎസ് നടത്തിയ ആദ്യ അട്ടിമറിയായിരുന്നു ഇത്. 

1951ൽ അധികാരത്തിലെത്തിയ മുസാദിഖ് രാജ്യത്തെ എണ്ണ സമ്പത്ത് ദേശസാൽക്കരിച്ചു. ആംഗ്ലോ - ഇറാനിയൻ ഓയിൽ കമ്പനിയാണ് ഇറാന്റെ പെട്രോളിയം മേഖല അതുവരെ നിയന്ത്രിച്ചിരുന്നത്. നടപടി ബ്രിട്ടനെ കുപിതരാക്കി. ഇറാനിൽ സോവിയറ്റ് സ്വാധീനം കൂടുമെന്നും യുഎസും ബ്രിട്ടനും ഭയന്നു. ഇറാനിലെ ഷാ ഭരണകൂടത്തിന്റെ രാജവാഴ്ച ഉറപ്പിക്കാനും അട്ടിമറിയിലൂടെ ലക്ഷ്യമിട്ടിരുന്നു. 

ഓപ്പറേഷൻ അജാക്‌സ് എന്ന് സിഐഎ വിളിക്കുന്ന ദൗത്യത്തിൽ വ്യാപകപ്രചാരണത്തിലൂടെ മുസാദിഖിനെതിരെ ജനവികാരം തിരിച്ചുവിട്ടു. പ്രക്ഷോഭത്തിൽ 300 പേർ മരിച്ചു. മുസാദിഖിനെ വിചാരണ ചെയ്ത് 3 വർഷം ജയിലിലടച്ചു. ശിഷ്ടകാലം വീട്ടുതടങ്കലും അനുഭവിച്ചു. 

യുഎസിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ ഭരണമുറപ്പിച്ച ഷായെ 1979 ൽ മതനേതൃത്വത്തിന്റെ പിന്തുണയോടെ നടന്ന പ്രക്ഷോഭത്തിൽ അധികാരഭ്രഷ്ടനാക്കി.

English Summary:

1953 coup in Iran was undemocratic; CIA openly admits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com