‘ബന്ദികളെ മോചിപ്പിക്കണം’: ഹമാസിന് ഇസ്രയേലിന്റെ അന്ത്യശാസനം
Mail This Article
ജറുസലം ∙ എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസമുനമ്പിലെ ഉപരോധത്തിൽ മാനുഷികമായ ഇളവ് അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേൽ ഊർജമന്ത്രി പറഞ്ഞു.
ഗാസയിലെ ആശുപത്രികളിൽ ജനറേറ്ററുകൾക്കു വേണ്ട ഇന്ധനമെങ്കിലും ലഭ്യമാക്കണമെന്ന റെഡ്ക്രോസിന്റെ അഭ്യർഥന ഇസ്രയേൽ തള്ളി. വൈദ്യുതിയില്ലാത്ത സ്ഥിതി തുടർന്നാൽ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികൾ മോർച്ചറികളായി മാറുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പു നൽകി.
ഹമാസ് ആക്രമണത്തിനു തിരിച്ചടിയായാണു ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേൽ തിങ്കളാഴ്ച മുതൽ തടഞ്ഞത്. ഗാസയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാൽ ബുധനാഴ്ച പ്രവർത്തനം നിർത്തി.
ഗാസ–ഈജിപ്ത് അതിർത്തിയിലെ റഫാ കവാടത്തിലൂടെ പലസ്തീൻകാർക്കു ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമെത്തിക്കാനായി അയൽരാജ്യമായ ഈജിപ്ത് ഇസ്രയേലും യുഎസുമായി ചർച്ച ഊർജിതമാക്കി. രാജ്യാന്തര സഹായങ്ങളും ഈജിപ്ത് വഴിയാണു വരേണ്ടത്. ഉപരോധത്തിൽ ഇളവു ലഭിക്കാതെ ഇവയും ഗാസയിലേക്ക് എത്തില്ല.
ഐഎസിനെതകർത്തതുപോലെ ഹമാസിനെയും തകർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
∙ വടക്കൻ ഗാസയിൽ ജബാലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കാം.
∙ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 500 കുട്ടികളും 276 സ്ത്രീകളും അടക്കം 1537 പേർ കൊല്ലപ്പെട്ടു. 6612 പേർക്കു പരുക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിൽ മരണം 31. പരുക്കേറ്റവർ 600.
∙ ശനിയാഴ്ച നടന്ന ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ മരണം 1300 ആയി ഉയർന്നു. ഇതിൽ 220 പേർ സൈനികർ. പരുക്കേറ്റവർ 3200.
∙ 3.34 ലക്ഷം പലസ്തീൻകാർക്കു വീടു നഷ്ടമായെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). 2.2 ലക്ഷം പേർ യുഎൻ ക്യാംപുകളിൽ.
∙ ഗാസയിൽ ബന്ദികളാക്കപ്പെട്ട 97 പേരെ തിരിച്ചറിഞ്ഞെന്ന് ഇസ്രയേൽ.
∙ പ്രതിപക്ഷം പങ്കാളികളായ ഐക്യസർക്കാർ ഇസ്രയേലിൽ നിലവിൽവന്നു.
∙ 3 ലക്ഷത്തിലേറെ റിസർവ് സൈനികരെ സജ്ജമാക്കിയെങ്കിലും കരയുദ്ധം സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. തയാറെടുപ്പുകൾ തുടരുന്നുവെന്ന് സൈന്യം.
∙ വിമാനവാഹിനികളടക്കം യുഎസ് പടക്കപ്പൽ വ്യൂഹം ചൊവ്വാഴ്ച കിഴക്കൻ മെഡിറ്ററേനിയൻ തീരത്തെത്തി.
∙ സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസിലെയും വടക്കൻ നഗരമായ അലപ്പോയിലെയും രാജ്യാന്തര വിമാനത്താവളങ്ങൾക്കുനേരെ ഇസ്രയേൽ വ്യോമാക്രമണം. റൺവേകൾക്ക് കേടുപാടു പറ്റി.
∙ ഇസ്രയേലിൽ കൊല്ലപ്പെട്ടത് 25 യുഎസ് പൗരന്മാർ. 17 പേരെ കാണാതായി. കൊല്ലപ്പെട്ട ഫ്രഞ്ച് പൗരന്മാർ 12. കാണാതായത് 16 പേരെ.