ഹമാസ് വിട്ടയച്ച സ്ത്രീ പറയുന്നു: ‘ബന്ദിയാക്കിയപ്പോൾ മർദിച്ചു, പിന്നെ ഉപദ്രവിച്ചില്ല’
Mail This Article
ടെൽ അവീവ് ∙ ‘‘തട്ടിക്കൊണ്ടുപോയ അക്രമികൾ വടികൊണ്ടു തല്ലി. നെഞ്ചിൽ ചതവുണ്ടായതിനാൽ ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടി’’– ഒക്ടോബർ 7ന് ഇരച്ചെത്തിയ ഹമാസ് സംഘം ബന്ദിയാക്കിയ ശേഷം കഴിഞ്ഞ ദിവസം വിട്ടയച്ച യോഹവീദ് ലിഫ്ഷിസിന്റെ (85) വാക്കുകളാണിവ. ‘‘ബലം പ്രയോഗിച്ച് മോട്ടർ സൈക്കിളിൽ കയറ്റി ഗാസയിലെത്തിച്ചു. യാത്രയ്ക്കിടെ വാച്ചും ആഭരണങ്ങളുമൊക്കെ പിടിച്ചുവാങ്ങി. പിന്നെ ഏറെദൂരം നടത്തിച്ച ശേഷം ഭൂഗർഭ അറയിലേക്കു കയറ്റി. കാവലിനെത്തിയവർ ഖുർആനിൽ വിശ്വസിക്കുന്നവരാണെന്നും ഉപദ്രവിക്കില്ലെന്നും പറഞ്ഞു’’– ലിഫ്ഷിസ് തുടർന്നു.
‘‘താമസിപ്പിച്ച മുറി വൃത്തിയുള്ളതായിരുന്നു. വൈദ്യസഹായവും ലഭിച്ചു. ദിവസം ഒരു നേരം മാത്രമായിരുന്നു ഭക്ഷണം – വെള്ളരിക്കയും വെണ്ണയും’’– ലിഫ്ഷിസ് പറഞ്ഞു.
ഇസ്രയേൽ വനിതകളായ ലിഫ്ഷിസിനെയും നൂറിത് കൂപ്പറിനെയും ആരോഗ്യകാരണങ്ങളാലാണു ഹമാസ് വിട്ടയച്ചത്. ഇതോടെ വിട്ടയച്ച ബന്ദികളുടെ എണ്ണം നാലായി. ലിഫ്ഷിസിന്റെ ഭർത്താവ് ഹമാസിന്റെ കസ്റ്റഡിയിലാണ്.