ഗാസയിൽ 24 മണിക്കൂറിനിടെ 756 മരണം; ചർച്ചകൾ നീളെനീളെ, സമാധാനം അകലെ
Mail This Article
ഗാസ / ജറുസലം ∙ ഗാസയിൽ സാധാരണക്കാർ മരിച്ചുവീഴുന്നതു തടയാനും അവശ്യവസ്തുക്കൾ എത്തിക്കാനും വെടിനിർത്തലിനു ലോകനേതാക്കൾ ശ്രമം തുടരുമ്പോഴും സംഘർഷത്തിന് അയവില്ല. ഹമാസിനെതിരായ ഇസ്രയേൽ ബോംബാക്രമണം കൂടുതൽ ജനവാസകേന്ദ്രങ്ങളിലേക്കു വ്യാപിച്ചതോടെ മരണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ ഗാസയിൽ 344 കുട്ടികളടക്കം 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 ദിവസം പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 6,546 ആയി. ഇതിൽ 2,704 പേർ കുട്ടികളാണ്. വെസ്റ്റ് ബാങ്കിലും ബോംബാക്രമണം തുടരുന്നു.
∙ ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം. സിറിയയിലെ അലപ്പോ വിമാനത്താവളത്തിന്റെ റൺവേ തകർന്നു. ദേറാ നഗരത്തിൽ സിറിയയുടെ 8 സൈനികർ കൊല്ലപ്പെട്ടു; ലബനനിൽ ഹിസ്ബുല്ല സംഘത്തിലെ 4 പേരും കൊല്ലപ്പെട്ടു.
∙ ഹമാസിനെ ഇല്ലാതാക്കേണ്ടത് തങ്ങളുടെ അവകാശം മാത്രമല്ല ചുമതലയുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതി യോഗത്തിൽ പറഞ്ഞു.
∙ പോരാട്ടം എങ്ങനെ വേണമെന്ന് ഇസ്രയേലിനു തീരുമാനിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
∙ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി. ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം ബന്ദികളുടെ സുരക്ഷയ്ക്കു വെല്ലുവിളിയെന്നും ഖത്തർ.
യുഎൻ രക്ഷാസമിതിയിൽ ആശങ്കയറിയിച്ച് ഇന്ത്യ
ന്യൂയോർക്ക് ∙ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ആശങ്കയറിയിച്ചു. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേർക്കുനേർ ചർച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും തയാറാകണമെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ആർ.രവീന്ദ്ര ആവശ്യപ്പെട്ടു. ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തെ അപലപിച്ച ഇന്ത്യൻ പ്രതിനിധി, ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയുന്ന ദ്വിരാഷ്ട്ര ഫോർമുലയാണ് ഇന്ത്യ എക്കാലത്തും മുന്നോട്ടുവയ്ക്കുന്നതെന്നും പറഞ്ഞു.