ഗാസയിൽ അഭയാർഥിക്യാംപിൽ ബോംബിട്ടു; 100 മരണം
Mail This Article
ജറുസലം ∙ ഇസ്രയേൽ–ഹമാസ് നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. 300 പേർക്കു പരുക്കേറ്റു. ക്യാംപിലെ 15 പാർപ്പിടകേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരുക്കേറ്റവരെ ചികിത്സിക്കാനാവശ്യമായ സംവിധാനമില്ലാത്ത സ്ഥിതിയാണെന്നു സമീപത്തെ ഇന്തൊനീഷ്യൻ ആശുപത്രി ഡയറക്ടർ അറിയിച്ചു.
അതിർത്തിയിൽനിന്നു കൂടുതൽ ഇസ്രയേൽ ടാങ്കുകൾ ഗാസയിലേക്കു നീങ്ങുകയാണ്. ഗാസ സിറ്റിയിലെ തുരങ്കങ്ങളിൽ ഇരുപക്ഷവും തമ്മിൽ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോർട്ടുണ്ട്. തുരങ്കങ്ങളിൽ പ്രവേശിച്ച സൈനികർ, ഹമാസ് പ്രവർത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങൾ കൂടി തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു.
ദുരിതബാധിതർക്കു സഹായമെത്തിക്കാനായി ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി. വെടിനിർത്തൽ ഹമാസിനു കീഴടങ്ങലാണ്; അതുണ്ടാവില്ല– നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ മാസം 7നു ശേഷം ഗാസയിൽ ഇതുവരെ 3542 കുട്ടികളടക്കം 8525 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 130 ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടു. 15 ആശുപത്രികളും 32 ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തനം നിർത്തി.
ഹമാസ് ഉപമേധാവി സാലിഹ് അൽ അറൗറിയുടെ അധിനിവേശ വെസ്റ്റ്ബാങ്കിലെ കുടുംബവീട് ഇസ്രയേൽ സേന ഇടിച്ചുനിരത്തി. അറൗറി ഇപ്പോൾ വടക്കൻ ലബനനിലാണുള്ളത്. ചെങ്കടലിലെ ഇസ്രയേൽ നഗരമായ ഐലാത്തിനെ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സേന വെടിവച്ചുവീഴ്ത്തി. ഹമാസ് ബന്ദിയാക്കിയ ഒരു സൈനികനെ മോചിപ്പിച്ചതായും ഇസ്രയേൽ വ്യക്തമാക്കി.
കര, വ്യോമാക്രമണം ശക്തമായി തുടരുന്നതിനിടെ, പലായനം ചെയ്ത പലസ്തീൻകാർ 8 ലക്ഷമായി. വടക്കൻ ഗാസയിലേക്ക് ഇസ്രയേലിൽനിന്നുള്ള ശുദ്ധജലവിതരണം തിങ്കളാഴ്ച പൊടുന്നനെ നിലച്ചതായി യുഎൻ ഹ്യുമാനിറ്റേറിയൻ ഓഫിസ് അറിയിച്ചു.
ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ യുഎൻ ഭക്ഷ്യസംഭരണ കേന്ദ്രങ്ങൾ ജനക്കൂട്ടം ആക്രമിച്ചു. ഗാസ ആരോഗ്യദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.