യുദ്ധം മതിയാക്കണമെന്ന് ലോകം; വഴങ്ങാതെ ഇസ്രയേൽ
Mail This Article
ഗാസ ∙ പലസ്തീൻ ജനത അഭയകേന്ദ്രങ്ങളാക്കിയ യുഎൻ സ്കൂൾ കെട്ടിടങ്ങളും ആശുപത്രികളും ആംബുലൻസുകളും വരെ തകർത്ത് ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു. വടക്കൻ ഗാസയിൽ ജബാലിയ അഭയാർഥി ക്യാംപിലെ അൽ ഫഖൂറ സ്കൂളിനു നേരെ നടത്തിയ മിസൈലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. അൽ ഷിഫ ആശുപത്രിക്കു മുന്നിൽ ആംബുലൻസുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ വെള്ളിയാഴ്ച 15 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രിക്കു മുന്നിലുണ്ടായ വ്യോമാക്രമണത്തിൽ 21 പേർക്കു പരുക്കേറ്റു.
സോളർ പാനലുകൾ തകർത്ത് വൈദ്യുതിവിതരണം തടയുന്നതുൾപ്പെടെ നടപടികളുമായി ഏറെയും വടക്കൻ ഗാസയിലാണ് ഇസ്രയേൽ ആക്രമണമെങ്കിലും തെക്കൻ ഗാസയെയും വെറുതേ വിടുന്നില്ല. വടക്കൻ മേഖല ആക്രമിക്കുമെന്നും തെക്കൻ ഗാസയിലേക്കു നീങ്ങണമെന്നും ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്ന ഇസ്രയേൽ സേന അതനുസരിച്ചവരെയും ലക്ഷ്യമിടുന്നത് പരിഭ്രാന്തി വർധിപ്പിച്ചു. ഇസ്രയേൽ നഗരങ്ങളിൽ പണിയെടുത്തിരുന്ന നൂറുകണക്കിനു പലസ്തീൻ തൊഴിലാളികളെ കൂട്ടത്തോടെ തിരിച്ചയച്ചു. 3900 കുട്ടികൾ ഉൾപ്പെടെ, ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 9488 ആയി. 2200 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
വെടിനിർത്തലിനായി യുഎസ് ഇസ്രയേലിനു മേൽ സമ്മർദം ചെലുത്തണമെന്ന് അറബ് ലോകം വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ വീണ്ടുമെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് നേതാക്കൾ ഈ ആവശ്യം ആവർത്തിച്ചു. പൊതുവായ വെടിനിർത്തലിനെ യുഎസ് അനുകൂലിക്കുന്നില്ലെങ്കിലും സംഘർഷത്തിന് അയവുവരുത്തണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ബ്ലിങ്കൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ബന്ദികളെ വിട്ടുകിട്ടാതെ ആക്രമണം നിർത്തില്ലെന്ന് നെതന്യാഹു തീർത്തുപറഞ്ഞു. ലെബനനിലെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാത്തിയുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ മേഖലയിലാകെ യുദ്ധം വ്യാപിക്കാനുള്ള സാധ്യതയിൽ ആശങ്കയറിയിച്ചു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ തെക്കൻ ലെബനനിൽ ആക്രമണം നടത്തി.