നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് വിശ്വസുന്ദരി
Mail This Article
ന്യൂഡൽഹി ∙ നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് (23) 72 ാമത് മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണു നിക്കരാഗ്വയിലിൽ നിന്നൊരാൾ വിശ്വസുന്ദരിയാകുന്നത്. തായ്‌ലൻഡിന്റെ അന്റോണിയ പോർസ്‌ലിഡ് രണ്ടാം സ്ഥാനവും ഓസ്ട്രേലിയയുടെ മൊറയ വിൽസൺ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച ശ്വേതാ ശർദ അവസാന 20ൽ എത്തിയെങ്കിലും പിന്നീടു പുറത്തായി. ആദ്യമായി പാക്കിസ്ഥാനിൽ നിന്നുള്ള എറിക്ക റോബിനും അവസാന 20ൽ എത്തിയിരുന്നു.
എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരിയായ യുഎസിന്റെ ആർബോണി ഗബ്രിയേൽ ഷെനീസിനെ കിരീടമണിയിച്ചു. മാനസികാരോഗ്യ പ്രവർത്തകയും ഓഡിയോ വിഷ്വൽ പ്രോഡ്യൂസറുമാണു ഷെനീസ്. കോളജ് വിദ്യാർഥിയായിരിക്കെ, ബിസിനസ് പൊളിഞ്ഞ് അമ്മ നാടുവിട്ടതോടെ അനിയനെയും മുത്തശ്ശിയെയും സംരക്ഷിക്കേണ്ട ചുമതല ഷെനീസിനായി. ജീവിതസമ്മർദങ്ങളാണു മാനസികാരോഗ്യ മേഖല തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചതെന്നു ഷെനീസ് പറയുന്നു.
ഒരു വർഷം മറ്റൊരു സ്ത്രീയായി ജീവിക്കാൻ അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കും എന്ന സൗന്ദര്യമത്സരത്തിലെ അവസാന റൗണ്ടിലെ ചോദ്യത്തിന് മേരി വോളൻസ്റ്റോൺക്രാഫ്റ്റായി ജീവിക്കണം എന്നായിരന്നു ഷെനീസിന്റെ മറുപടി.. ഫെമിനിസത്തിന് അടിത്തറ കുറിച്ച 18ാം നൂറ്റാണ്ടിലെ ചിന്തകയാണു മേരി വോളൻ സ്റ്റോൺക്രാഫ്റ്റ്. സമാധാന നൊബേൽ ജേതാവു മലാല യൂസഫ്സായ് ആകണമെന്നായിരുന്നു മിസ് തായ്‌ലൻഡിന്റെ മറുപടി.