പ്രായമേറുന്നു; 2031 ൽ രാജ്യാന്തര ബഹിരാകാശ നിലയം തിരിച്ചിറക്കും
Mail This Article
ന്യൂഡൽഹി ∙ പ്രായമേറുന്നതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 2031 ൽ തിരിച്ചിറക്കുമെന്ന് നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. ഭ്രമണപഥത്തിൽ നിന്ന് തിരിച്ചറിക്കുന്നതിനായുള്ള പ്രത്യേക ബഹിരാകാശവാഹനം നാസ ഇക്കൊല്ലം വികസിപ്പിക്കാൻ തുടങ്ങും.
1998 ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്. ഐഎസ്എസ് തിരിച്ചിറക്കിയ ശേഷം ബഹിരാകാശത്ത് യുഎസ് വാണിജ്യ ബഹിരാകാശ സ്റ്റേഷനുകൾ ആരംഭിക്കും.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോൾ ബഹിരാകാശനിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കിയുള്ളവ ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ഭാഗത്ത് വീഴുന്ന തരത്തിലായിരിക്കും ക്രമീകരണം.
ബഹിരാകാശ നിലയത്തിലേക്ക് അടുത്ത വർഷം പോകാനായി ഒരു ഇന്ത്യൻ യാത്രികനെ നാസ പരിശീലിപ്പിക്കും. 2035 ൽ ഇന്ത്യ സ്വന്തം ബഹിരാകാശനിലയം ആരംഭിക്കാനുള്ള നടപടിയിൽ സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളിൽ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനായി ഐഎസ്ആർഒയും നാസയും ചേർന്നു വികസിപ്പിക്കുന്ന റഡാർ (നൈസാർ) 2024 ആദ്യം വിക്ഷേപിക്കുമെന്നും നെൽസൺ വ്യക്തമാക്കി.