യുകെ കുടിയേറ്റ നിയമഭേദഗതി മുൻകാല പ്രാബല്യത്തിന് സാധ്യതയില്ല
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ഹെൽത്ത് ആൻഡ് കെയർ ജോലിക്കാർക്ക് ഇനിമുതൽ പങ്കാളിയെയോ കുട്ടികളെയോ ആശ്രിതരായി എത്തിക്കാനാകില്ലെന്ന നിയമഭേദഗതി രാജ്യത്തു നിലവിലുള്ളവരെ ബാധിക്കാനിടയില്ല. ഏപ്രിലിലാണു നിയമഭേദഗതി പ്രാബല്യത്തിലാകുന്നത്. മുൻകാല പ്രാബല്യത്തോടെ ഇമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നത് ബ്രിട്ടനിൽ പതിവില്ലാത്തതിനാൽ ഇതിനകം കെയറർ വീസയിൽ എത്തിയവർക്ക് പുതുതായി ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ ബാധകമായേക്കില്ലെന്നാണ് ഇമിഗ്രേഷൻ സോളിസിറ്റർമാരുടെ വിലയിരുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
യുകെയിൽ ജോലിക്കുള്ള വീസയും ഫാമിലി വീസയും ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നു 38,700 പൗണ്ടായി ഉയർത്തിയ തീരുമാനം നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നഴ്സുമാരുടെ റിക്രൂട്മെന്റിനു ബാധകമല്ലെന്നു സർക്കാർ വെബ്സൈറ്റിൽ പറയുന്നുണ്ട്. ഐഇഎൽടിഎസോ ഒഇടിയോ പാസായി എൻഎച്ച്എസ് ട്രസ്റ്റുകൾ ചുമതലപ്പെടുത്തുന്ന ഏജൻസികൾ മുഖേന ബ്രിട്ടനിൽ എത്തുന്ന നഴ്സുമാർക്ക് ഇനിയും അവസരം തുടരും. ഇതേസമയം, ഹെൽത്ത് ഇമിഗ്രേഷൻ സർചാർജിൽ വരുത്തിയ 66% വർധന എൻഎച്ച്എസിലേക്ക് എത്തുന്ന നഴ്സുമാർക്ക് അധികഭാരമാകും. 624 പൗണ്ട് ആയിരുന്ന സർചാർജ് 1035 പൗണ്ട് ആക്കിയത് ആശ്രിത വീസകൾക്കും ബാധകമായിരിക്കും.