യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കൊളറാഡോയിൽ മത്സരിക്കാൻ ട്രംപിനു കോടതി വിലക്ക്
Mail This Article
വാഷിങ്ടൻ ∙ വരുന്ന വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോ സംസ്ഥാനത്തു മത്സരിക്കുന്നതിൽനിന്നു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു. 2021 ലെ യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണു വിലക്ക്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പ്രൈമറി ബാലറ്റിൽനിന്നു ട്രംപിന്റെ പേരു നീക്കം ചെയ്യാനും കോടതി ഭൂരിപക്ഷ വിധിയിൽ (4–3) നിർദേശിച്ചു. വിധി സംസ്ഥാനത്തിനു പുറത്തു ബാധകമല്ല. വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയെ സമീപിക്കുമെന്നു ട്രംപിന്റെ ഓഫിസ് അറിയിച്ചു.
വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഔദ്യോഗിക പദവികളിൽനിന്നു വിലക്കുന്ന ഭരണഘടനയുടെ 14–ാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരമാണ് ലഹളയിൽ ട്രംപിനു പങ്കുണ്ടെന്നു വിചാരണക്കോടതി വിധിച്ചത്. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കീഴ്ക്കോടതി വിലക്കിയിരുന്നില്ല.
ഇതാദ്യമായാണു 14–ാം ഭേദഗതി പ്രകാരം യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥിക്കു കോടതി വിലക്കേർപ്പെടുത്തുന്നത്. അപ്പീൽ നൽകാൻ ജനുവരി 4 വരെ കോടതി സമയമനുവദിച്ചിട്ടുണ്ട്. മാർച്ചിലാണു കൊളറാഡോയിലെ റിപ്പബ്ലിക്കൻ പ്രൈമറി.