പുതിയ പാർട്ടിയുമായി ഹാഫിസ് സയീദ്;മകനും സ്ഥാനാർഥി
Mail This Article
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഫെബ്രുവരി 8നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് സ്ഥാനാർഥിയാകും. ലഷ്കറെ തയിബ എന്ന ഭീകരസംഘടനയുടെ സ്ഥാപകനായ ഹാഫിസ് സയീദ് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 2019 മുതൽ ജയിലിലാണ്.
പാക്കിസ്ഥാൻ മർകസി മുസ്‍ലിം ലീഗ് (പിഎംഎംഎൽ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാണ് ഇപ്പോൾ മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. അഴിമതിമുക്ത ഇസ്‍ലാമിക രാഷ്ട്രം എന്ന ലക്ഷ്യവുമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സയീദ് ജയിലിൽ നിന്നു നൽകിയ വിഡിയോ സന്ദേശത്തിൽ പറയുന്നു.
ഇതേസമയം, സുപ്രീം കോടതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (എൻ) നേതാവുമായ നവാസ് ഷരീഫ് സമർപ്പിച്ച നാമനിർദേശ പത്രിക തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചു.
ന്യൂനപക്ഷ ഹിന്ദു സമുദായത്തിൽ നിന്നുള്ള ഡോ. സവീര പ്രകാശ് (25) ഖൈബർ പഖ്തൂൺക്വയിലെ പികെ–25 മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പാക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയായി.