ADVERTISEMENT

ഹേഗ് ∙ ഗാസയിൽ പലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിന് ഉത്തരവു നൽകി. കഴിഞ്ഞ ഒക്ടോബറിൽ ബന്ദിയാക്കിയ ഇസ്രയേൽ പൗരന്മാരെ നിരുപാധികം വിട്ടയയ്ക്കാൻ പലസ്തീൻ സംഘടനകളോട് കോടതി ആവശ്യപ്പെട്ടു. ഗാസയിലെ വംശഹത്യ തടയണമെന്നും വെടിനിർത്താൻ ഇസ്രയേലിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. എന്നാൽ, വെടിനിർത്തലിനെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല. 

വംശഹത്യ പാടില്ലെന്ന് സൈനികരെ ബോധവൽക്കരിക്കണമെന്നും അതുണ്ടായാൽ കർശനശിക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു. ഗാസയിലെ ജനങ്ങൾക്കു മാനുഷിക സഹായങ്ങൾ നൽകണം. ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

വെടിനിർത്താൻ നിർദേശിച്ചില്ലെങ്കിലും രാജ്യാന്തര കോടതിയുടെ ഉത്തരവ് ഇസ്രയേലിനു തിരിച്ചടിയാണെന്ന് നയതന്ത്രതലത്തിൽ വിലയിരുത്തപ്പെടുന്നു. ഇതേസമയം, യുദ്ധം തുടരുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നൽകിയത്. ഇതുവരെ 26,257 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നും 64,797 പേർക്ക് പരുക്കേറ്റെന്നും ഗാസ അധികൃതർ അറിയിച്ചു.

ഇതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ വൻതോതിൽ കര, വ്യോമാക്രമണം നടത്തി. അഭയം തേടിയലയുന്ന പലസ്തീൻകാരുടെ ജീവിതം കനത്ത മഴയെത്തുടർന്ന് കൂടുതൽ ദുരിതപൂർണമായി. തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ 4 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു.

ചർച്ച വീണ്ടും; ബന്ദികളെ കൈമാറുമെന്ന് അഭ്യൂഹം

∙ സിഐഎ, മൊസാദ് മേധാവികൾ ഇന്ന് ഖത്തർ പ്രധാനമന്ത്രിയുമായും ഈജിപ്ത് ചാരസംഘടനയുടെ മേധാവിയുമായും ചർച്ച നടത്തുമെന്ന് അഭ്യൂഹമുണ്ട്. ബന്ദികളുടെ മോചനത്തിനായാണ് ചർച്ചയെന്ന് കരുതുന്നു. മുൻപ് നടന്ന ചർച്ചയിൽ നൂറോളം പേർ മോചിപ്പിക്കപ്പെട്ടിരുന്നു. പലസ്തീൻ അഭയാർഥികൾക്കുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക വിഭാഗത്തിനു ധനസഹായം നൽകുന്നത് യുഎസ് നിർത്തി. ഈ സംഘടനയിലെ അംഗങ്ങൾ ഒക്ടോബറിലെ ഹമാസ് ആക്രമണത്തിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് നടപടി.

English Summary:

International Court of Justice tells Israel to prevent genocide in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com