‘ഒഡീസിയസ്’ ഇന്ന് ചന്ദ്രനിലിറങ്ങും; വിജയിച്ചാൽ സ്വകാര്യ കമ്പനിയുടേതായി ചന്ദ്രനിലെത്തുന്ന ആദ്യ ദൗത്യം
Mail This Article
വാഷിങ്ടൻ ∙ ഒരു സ്വകാര്യ കമ്പനിയുടെ ലാൻഡർ ദൗത്യം ആദ്യമായി ഇന്നു ചന്ദ്രനിലിറങ്ങുന്നു. യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബട് ലാൻഡർ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ നാലിനു ചന്ദ്രനിൽ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങുമെന്നാണു കണക്കുകൂട്ടൽ. ദൗത്യം വിജയകരമായാൽ അരനൂറ്റാണ്ടിനുശേഷമാകും യുഎസിൽനിന്നുള്ള ലാൻഡർ ചന്ദ്രനിലിറങ്ങുന്നത്.
ഈ മാസം 15നു വിക്ഷേപിക്കപ്പെട്ട ‘ഒഡീസിയസ്’ 21നു ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ലാൻഡ് ചെയ്തശേഷമുള്ള 7 ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, ഭാവിദൗത്യങ്ങൾക്കു സഹായകരമാംവിധം ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കും. 4 യാത്രക്കാരുമായി ‘നാസ’ 2026 ൽ നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിമിസ് ചന്ദ്രയാത്രാ പദ്ധതിക്കു വേണ്ട വിവരങ്ങൾ ശേഖരിക്കാൻ മാത്രം 6 പേലോഡുകളുണ്ട്.
സ്വകാര്യമേഖലയിൽനിന്നുള്ള നാലാമത്തെ ലാൻഡർ ദൗത്യമാണ് ഒഡീസിയസ്. പരാജയപ്പെട്ട ആദ്യ 2 ദൗത്യങ്ങൾ ഇസ്രയേൽ, ജപ്പാൻ കമ്പനികളുടേതായിരുന്നു. കഴിഞ്ഞമാസം 8നു മറ്റൊരു യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക്കിന്റെ ‘പെരഗ്രിൻ’ ദൗത്യവും വിക്ഷേപണത്തിനുശേഷമുള്ള സാങ്കേതികപ്രശ്നങ്ങളാൽ പരാജയപ്പെട്ടു. നാസയുടെ ‘അപ്പോളോ 17’ (1972) ആണ് ഇതിനു മുൻപു ചന്ദ്രനിലെത്തിയ യുഎസ് ദൗത്യം.