ലോക മഹായുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കി
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ തുറമുഖ നഗരമായ പ്ലിമതിൽ കണ്ടെത്തിയ രണ്ടാം ലോക മഹായുദ്ധകാലത്തെ 500 കിലോഗ്രാം ഭാരം വരുന്ന ബോംബ് കടലിൽ കൊണ്ടുപോയി സുരക്ഷിതമായി നിർവീര്യമാക്കി. നഗരത്തിലെ സെന്റ് മൈക്കിൾ അവന്യൂവിലെ പൂന്തോട്ടത്തിലാണ് ചൊവ്വാഴ്ച ബോംബ് കണ്ടെത്തിയത്. ഒരു വീടിന്റെ പിറകുഭാഗത്തായിരുന്നു ഇത്. തുടർന്ന് ആ മേഖല മുഴുവൻ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസം സൈന്യത്തിന്റെ നേതൃത്വത്തിൽ രണ്ടര കിലോ മീറ്ററോളം നഗരത്തിലൂടെ കൊണ്ടുപോയാണ് കടലിൽ 14 മീറ്റർ ആഴത്തിൽ വച്ച് നിർവീര്യമാക്കിയത്. ഇതിനായി പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. ട്രെയിൻ സർവീസ് അടക്കമുള്ളവ നിർത്തിവച്ചു. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായി ഇതുമാറി. രണ്ടാം ലോകമഹായുദ്ധകാലത്ത് 1940 ജൂലൈ മുതൽ 1944 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ 59 തവണയാണ് പ്ലിമിത്തിൽ ജർമനി ബോംബ് വർഷിച്ചത്. 1174 പേരാണ് കൊല്ലപ്പെട്ടത്.