ഒരു കൊല്ലത്തിലേറെ കൃത്രിമ ചൊവ്വാജീവിതം, ചിരി തൂകി നാലു പേർ; സ്വപ്നപദ്ധതി 2030ൽ
Mail This Article
വാഷിങ്ടൻ ∙ മാർസ് ഡ്യൂൺ ആൽഫ എന്ന ത്രീഡി പ്രിന്റഡ് വീടിന്റെ വാതിൽ തുറന്നിറങ്ങി കെല്ലി ഹാസ്റ്റൺ നിറപുഞ്ചിരിയോടെ പറഞ്ഞു: ‘ഹലോ! നിങ്ങളോടെല്ലാവരും ഇങ്ങനെ പറയാൻ പറ്റുന്നതുതന്നെ എത്ര സുന്ദരം!’
ടെക്സസിലെ ഹൂസ്റ്റണിൽ ‘നാസ’ ഒരുക്കിയ ‘ചൊവ്വ ആവാസഭൂമി’യിൽ ഒരു കൊല്ലത്തിലേറെ നീണ്ട കൃത്രിമ ചൊവ്വാജീവിതം കഴിഞ്ഞു പുറത്തിറങ്ങിയതാണു കെല്ലി, അൻക സെലേറിയു, റോസ് ബ്രോക്ക്‌വെൽ, നേഥൻ ജോൺസ് എന്നീ ഗവേഷകർ. ജിമ്മും കൃഷിയിടവും ചൊവ്വാനടത്തത്തിനുള്ള ചുവന്നമണ്ണുമുള്ള 1700 ചതുരശ്രയടി വലുപ്പത്തിലെ കെട്ടിടത്തിൽ 378 ദിവസമാണ് ഇവർ കഴിഞ്ഞത്. ഭൂമിയിൽതന്നെയെങ്കിലും കുടുംബാംഗങ്ങളെ കാണാതെയും പരിമിത വിഭവങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടും കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ അന്തരീക്ഷത്തിൽ പച്ചക്കറി കൃഷി ചെയ്തും ഉൾപ്പെടെയുള്ള അതിജീവന പരീക്ഷണങ്ങളാണ് ഇവർ നടത്തിയത്.
2015–2016 കാലത്ത് ഇത്തരമൊരു ‘കൃത്രിമച്ചൊവ്വ’ പരീക്ഷണം ഹവായിയിൽ നടത്തിയിരുന്നെങ്കിലും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്ക്കായിരുന്നില്ല നടത്തിപ്പു ചുമതല. ഇപ്പോൾ ഹൂസ്റ്റണിൽ പൂർത്തിയായത് ‘ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്സ്പ്ലൊറേഷൻ അനലോഗ്’ എന്നു പേരിട്ടിരിക്കുന്ന നാസ ദൗത്യ പരമ്പരയിലെ ഒന്നാമത്തേതാണ്. 2030കളുടെ അവസാനം ചൊവ്വയിൽ മനുഷ്യരെയെത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ പരിപാടികളാണിത്.