കമല വേണോ ബൈഡൻ മതിയോ?
Mail This Article
ഗ്രാൻഡ് റാപ്പിഡ്സ് (മിഷിഗൺ, യുഎസ്) ∙ പന്തീരായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വാൻ ഡെൽ അരീന ഇൻഡോർ വേദിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം നാലഞ്ചു മണിക്കൂർ മുൻപേ രൂപപ്പെട്ടത് 5 കിലോമീറ്ററോളം നീണ്ട ക്യൂ. സദസ്സിലെ അനുയായികളിലൊരാളെ വേദിയിലേക്കു വിളിച്ചു മൈക്കിലൂടെ സംസാരിക്കാൻ അവസരം നൽകിയ ട്രംപ് മറ്റൊരു കാര്യം കൂടി ചെയ്തു: തനിക്കെതിരെ മത്സരിക്കാൻ ഡെമോക്രാറ്റ് സ്ഥാനാർഥിയായി കമല ഹാരിസ് വേണോ അതോ ജോ ബൈഡൻ മതിയോ എന്നതിൽ വോട്ടെടുപ്പ്. ബൈഡൻ മതിയെന്ന് അനുയായികൾ ആർത്തുവിളിച്ചു.
ഇലക്ട്രിക് വാഹനനിർമാണക്കമ്പനി ടെസ്‌ലയുടെ മേധാവി ഇലോൺ മസ്കിനെ പുകഴ്ത്തിയ ട്രംപ് പക്ഷേ ഇലക്ട്രിക് വാഹനങ്ങളോടു തനിക്കത്ര മതിപ്പില്ലെന്നും പറഞ്ഞു. പരിസ്ഥിതി കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർത്തിവച്ചിരിക്കുന്ന ഖനനപദ്ധതികൾ പുനരുജ്ജീവിപ്പിക്കുമെന്നും ക്ഷേമാശംസയുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് കത്തയച്ചിരുന്നെന്നും ട്രംപ് പറഞ്ഞു.
വലത്തു ചെവിയിലെ വെളുത്ത വലിയ ബാൻഡേജ് മാറ്റി പകരം ചെറിയ ബാൻഡേജ് ധരിച്ചാണ് മിഷിഗണിലെ പരിപാടിക്ക് ട്രംപ് എത്തിയത്.
അതിനിടെ, ട്രംപിനെ വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്സ് (20), ബട്‌ലറിലെ വേദിക്കു മുകളിൽ നേരത്തേ ഡ്രോൺ പറത്തിയിരുന്നെന്ന വിവരം സ്ഥിരീകരിച്ചു.
ഇറക്കുമതി തീരുവ: ഇന്ത്യയെ കുറ്റം പറയുന്നില്ലെന്ന് ട്രംപ്
യുഎസിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവയെ പരാമർശിച്ചെങ്കിലും കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന് ട്രംപിന്റെ അഭിപ്രായം. വിദേശ ഉൽപന്നങ്ങൾ അമേരിക്കയിൽ ഇറക്കുമതി ചെയ്തു വിൽക്കുന്നതിനു പകരം അവ യുഎസിൽ ഉൽപാദിപ്പിക്കണമെന്ന ചട്ടം കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.