ADVERTISEMENT

ടെഹ്റാൻ (ഇറാൻ) ∙ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ നീണ്ട ആസൂത്രണം. ഹനിയ താമസിച്ചിരുന്ന വടക്കൻ ടെഹ്റാനിലെ ഗെസ്റ്റ് ഹൗസിൽ ഏകദേശം 2 മാസം മുൻപേ, നിർമിതബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ബോംബ് സ്ഥാപിച്ചിരുന്നെന്ന വിവരം ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ടു. 

ടെഹ്റാൻ സ‌‌‌ന്ദർശനവേളയിൽ ഹനിയ പതിവായി തങ്ങിയിരുന്ന ഗെസ്റ്റ്ഹൗസിലെ മുറി മനസ്സിലാക്കിയ മൊസാദിന്റെ ചാരൻമാർ ബോംബ് സ്ഥാപിക്കുകയായിരുന്നു. ഹനിയയും സുരക്ഷാഭടനും മാത്രമുള്ള സമയം മനസ്സിലാക്കി റിമോട്ട് കൺട്രോൾ ഉപയോഗിച്ചു സ്ഫോടനം നടത്തി. 

ഇറാനിയൻ റവലൂഷനറി ഗാർഡ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മേഖലയിലെ ഗെസ്റ്റ്ഹൗസിൽ നടന്ന സ്ഫോടനം ഇറാനു കനത്ത തിരിച്ചടിയായി. രഹസ്യയോഗങ്ങൾ നടക്കുന്ന, വിഐപി അതിഥികൾ പതിവായി തങ്ങുന്ന സ്ഥലമാണിത്. സുരക്ഷാസംവിധാനങ്ങളിലെ പാളിച്ചയും രഹസ്യാന്വേഷണ ഏജൻസികളുടെ കഴിവുകേടും വെളിപ്പെട്ടു. പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയോടും ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തോടും വിയോജിപ്പുള്ളവരെ മൊസാദ് ഉപയോഗപ്പെടുത്തിയെന്നാണു നിഗമനം. 

ഇറാൻ പ്രസിഡന്റ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹനിയ ബുധനാഴ്ച പുലർച്ചെ 2 മണിക്കാണ് (ഇന്ത്യൻ സമയം പുലർച്ചെ 4 മണി) കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നായിരുന്നു ഹമാസ് ആദ്യം പറഞ്ഞിരുന്നത്. 

ഹനിയയുടെ സംസ്കാരച്ചടങ്ങുകൾ ദോഹയിൽ നടന്നു. ഹനിയയുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന ഖലീൽ അൽ ഹയ്യയും മുൻ ഹമാസ് തലവൻ ഖാലിദ് മഷാലും ചടങ്ങിൽ പങ്കെടുത്തു. ഹനിയയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടത്താൻ ഹമാസ് ഗാസയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’ 

കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഹനിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’– ഖമനയിയോട് ഹനിയ പറഞ്ഞു. ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചുള്ള സംഭാഷണം ടിവി ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. 

English Summary:

Planning of Israeli spy agency Mossad behind Hamas leader Ismail Haniyeh assassination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com