ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനെ പിടിച്ചുലച്ച കുടിയേറ്റ വിരുദ്ധ പ്രക്ഷോഭപരമ്പരകളെ നേരിടാൻ അറസ്റ്റും നിയമനടപടികളും ശക്തമാക്കി. ലിവർപൂളിൽ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾക്ക് 3 വർഷം തടവുശിക്ഷ നൽകിയതുൾപ്പെടെ കർശന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബ്രിട്ടിഷ് സർക്കാർ. ലിവർപൂളിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ പൊലീസിനെ ഇടിച്ച ഡെറക് ഡ്രമണ്ടി (58)നാണ് 3 വർഷം തടവ് വിധിച്ചത്. തീവയ്പു നടത്തിയയാൾക്ക് രണ്ടര വർഷം തടവും അക്രമത്തിൽ പങ്കാളിയായ മറ്റൊരാൾക്ക് ഒന്നര വർഷം തടവും വിധിച്ചു. പ്രക്ഷോഭകാരികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ആദ്യ ശിക്ഷാവിധികളാണിത്. 

അക്രമസംഭവങ്ങൾ നേരിടാനായി 6000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സൗത്ത് പോർട്ടിൽ കഴിഞ്ഞയാഴ്ച 3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പടർന്നത്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കൊപ്പം എതിർപ്രകടനങ്ങളും നടക്കുന്നുണ്ട്. 

ഇതിനിടെ, അക്രമം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിലാണ്. യുകെയിൽ ആഭ്യന്തര യുദ്ധം ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്ന് ‘എക്സ്’ ഉടമ കൂടിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് കുറിച്ചതിൽ ബ്രിട്ടിഷ് സർക്കാർ അതൃപ്തി അറിയിച്ചു. ടോമി റോബിൻസണെ പോലെയുള്ള കുടിയേറ്റ വിരുദ്ധർ ഓൺലൈൻ വഴി നടത്തുന്ന കലാപ ആഹ്വാനങ്ങളെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ രൂക്ഷമായി വിമർശിച്ചു. 

English Summary:

Man who attacked police in Britain protest jailed for 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com