ADVERTISEMENT

ബാങ്കോക്ക് ∙ ജഡ്ജിക്കു കൈക്കൂലി നൽകാൻ ശ്രമിച്ചതിനു തടവുശിക്ഷ അനുഭവിച്ചയാളെ മന്ത്രിയാക്കിയതിന്റെ പേരിൽ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രദ്ദ തവിസിനെ (62) കോടതി പദവിയിൽനിന്നു നീക്കി. നാലിനെതിരെ 5 വോട്ടുകൾക്കാണ് ഭരണഘടനാ കോടതിയുടെ തീർപ്പ്. 

മുൻ പ്രധാനമന്ത്രിയും ഫ്യു തായ് പാർട്ടി നേതാവുമായ തക്സിൻ ഷിനവത്ര ഉൾപ്പെട്ട അഴിമതിക്കേസിൽ വിധി അനുകൂലമാക്കാൻ ജഡ്ജിക്ക് 20 ലക്ഷം ബാത്ത് (ഏകദേശം 46 ലക്ഷം രൂപ) ചാക്കുസഞ്ചിയിൽ കൈമാറാൻ ശ്രമിച്ചതിന് 2008 ൽ കോടതി 6 മാസം തടവുശിക്ഷ വിധിച്ച പിഛിത് ഛുൻബാനെ മന്ത്രിയാക്കിയതാണ് വിവാദമായത്.

നിയമനം വിമർശിക്കപ്പെട്ടതോടെ പിഛിത് രാജിവച്ചിരുന്നു. പിഛിത്തിന്റെ ഭൂതകാലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെയാണ് കോടതി വിമർശിച്ചത്. മുൻ സൈനിക നിയന്ത്രിത സർക്കാരുമായി ബന്ധപ്പെട്ട ഏതാനും പേർ നൽകിയ ഹർജിയിലാണു നടപടി.

കോടതിവിധി അംഗീകരിക്കുന്നെന്നു പറഞ്ഞ സ്രദ്ദ തവിസിൻ, ധാർമികതയില്ലാത്ത പ്രധാനമന്ത്രിയായി വിലയിരുത്തിയതിൽ ഖേദമുണ്ടെന്നും പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ മന്ത്രിസഭ ചേർന്നു തിരഞ്ഞെടുക്കുന്നതുവരെ കെയർടേക്കറുടെ നേതൃത്വത്തിലാകും ഭരണം. 

English Summary:

Immoral ministerial appointment: Court dismissed Thailand Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com