ആഡംബരനൗക അപകടം: മൈക് ലിൻജിന്റെ മൃതദേഹം ലഭിച്ചു
Mail This Article
പലേർമോ (ഇറ്റലി)∙ സിസിലി ദ്വീപ് തീരത്ത് കൊടുങ്കാറ്റിൽ തകർന്ന ആഡംബര നൗകയിലുണ്ടായിരുന്ന ബ്രിട്ടിഷ് ടെക് വ്യവസായി മൈക് ലിൻഡിന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ 6 മരണം സ്ഥിരീകരിച്ചു. ഒരാളെക്കൂടി കണ്ടുകിട്ടാനുണ്ട്. 184 അടി നീളമുള്ള ‘ബേസിയൻ’ എന്ന കൂറ്റൻ നൗകയിൽ ലിൻജിന്റെ കുടുംബവും ജീവനക്കാരുമടക്കം 22 പേരാണുണ്ടായിരുന്നത്. ഒരുതരത്തിലും മുങ്ങാത്തവിധം സുരക്ഷിതമെന്നു വിശേഷിപ്പിക്കപ്പെട്ട നൗക തിങ്കളാഴ്ചയാണ് കൊടുങ്കാറ്റിൽ തകർന്നത്. ലിൻജിന്റെ ഭാര്യയടക്കം 15 പേരെ രക്ഷിച്ചു. ഒരു വയസ്സുള്ള കുഞ്ഞിനെ തിരകൾക്കു മീതേ പിടിച്ചു നീന്തി അമ്മ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
കടലിനടിയിൽ 165 അടി താഴ്ചയിലുള്ള നൗകയുടെ അവശിഷ്ടങ്ങളിൽ തിരച്ചിൽ കഠിനമാണ്. ‘ബ്രിട്ടിഷ് ബിൽ ഗേറ്റ്സ്’ എന്നറിയപ്പെടുന്ന ലിൻജ് സ്വന്തം സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഓട്ടോണമി’യുടെ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ജൂണിലാണു സാൻഫ്രാൻസിസ്കോ കോടതിയിൽ നിന്നു കുറ്റവിമുക്തനായത്. ഇതിന്റെ ആഘോഷത്തിനിടെയാണ് അപകടം.