കടന്നാക്രമണത്തിലൂടെ തിരിച്ചടിച്ച് യുക്രെയ്ൻ, റഷ്യൻ വ്യോമത്താവളത്തിൽ കനത്ത ഡ്രോൺ ആക്രമണം
Mail This Article
കീവ് ∙ രണ്ടര വർഷം പിന്നിട്ട റഷ്യൻ അധിനിവേശത്തിനു കടന്നാക്രമണത്തിലൂടെ തിരിച്ചടിക്ക് യുക്രെയ്ൻ ശ്രമം. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ റഷ്യയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ട യുക്രെയ്ൻ ആ മാസം 6 ന് റഷ്യയുടെ കർസ്ക് മേഖലയിൽ അപ്രതീക്ഷിത ആക്രമണം നടത്തി നേട്ടമുണ്ടാക്കിയിരുന്നു. റഷ്യൻ അതിർത്തിയിലെ ബ്രയാൻസ്ക് മേഖലയിൽ കടന്നുകയറാനുള്ള യുക്രെയ്ൻ ശ്രമം പരാജയപ്പെടുത്തിയതായി ഗവർണർ അലക്സാണ്ടർ ബൊഗോമസ് പറഞ്ഞു. കർസ്കിൽ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തി ചെറുത്തുനിൽപിനാണു റഷ്യൻ ശ്രമം.
റഷ്യയുടെ തെക്കൻ മേഖലയിലുള്ള വൊൾഗൊഗാഡ് വ്യോമത്താവളത്തിൽ യുക്രെയ്ൻ ഡ്രോൺ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തി. 28 ഡ്രോണുകൾ വെടിവച്ചുവീഴ്ത്തിയതായി റഷ്യ അവകാശപ്പെട്ടു. വൊൾഗൊഗാഡ് വിമാനത്താവളത്തിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വീണ ഡ്രോൺ വൻ തീപിടിത്തത്തിന് ഇടയാക്കി.
കർസ്ക് ആക്രമണത്തിനുശേഷം ഇതാദ്യമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സൈനിക മേധാവിക്കൊപ്പം അതിർത്തിയിലെ സുമി മേഖല സന്ദർശിച്ചു. കരിങ്കടലിലെ കിൻബേൺ സ്പിറ്റിലെ റഷ്യൻ ആയുധ, ഇന്ധന ശേഖര കേന്ദ്രത്തിനു നേരെ യുക്രെയ്ൻ നാവികസേന ശക്തമായ ആക്രമണം നടത്തി. തുടർച്ചയായ ആക്രമണങ്ങൾക്കു തിരിച്ചടിയായി കീവിലും മറ്റും റഷ്യ മിസൈൽ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇതേസമയം, കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്കിലെ മെഷോവ് ഗ്രാമം പിടിച്ചതായി റഷ്യൻ സേന അറിയിച്ചു. യുക്രെയ്നിന്റെ തുടർച്ചയായ കടന്നുകയറ്റവും ആക്രമണവും സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കർസ്കിലെ ആണവോർജ പ്ലാന്റിനുനേരെ യുക്രെയ്ൻ ആക്രമണത്തിനു ശ്രമിച്ചതായി പുട്ടിൻ ആരോപിച്ചു. യുക്രെയ്ൻ സേനയ്ക്കൊപ്പം റഷ്യയിൽ നിയമവിരുദ്ധമായി പ്രവേശിച്ച സിഎൻഎൻ റിപ്പോർട്ടർ നിക് പാറ്റൻ ബോഷിനെതിരെ റഷ്യ കേസെടുത്തു.