ADVERTISEMENT

ജറുസലം ∙ പോളിയോ വാക്സിനേഷനുവേണ്ടി ഗാസയിലെ മൂന്നു മേഖലകളിൽ മൂന്നു ദിവസം വീതം പകൽ പരിമിത വെടിനിർത്തലിന് ഇസ്രയേൽ സൈന്യം സമ്മതിച്ചു. ഞായറാഴ്ച മുതൽ ഗാസയിലെ 6,40,000 കുട്ടികൾക്കു വാക്സീൻ നൽകാനാണു ലോകാരോഗ്യ സംഘടനയുടെ പദ്ധതി. ഇതിനായി അടിയന്തര വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു.

ആദ്യം മധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും മൂന്നു ദിവസം വീതം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണു വെടിനിർത്തൽ. ഗാസയിൽ ഒരു വയസ്സുള്ള കുഞ്ഞിനു പോളിയോ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര വാക്സിനേഷന് ഡബ്ല്യുഎച്ച്ഒ രംഗത്തിറങ്ങിയത്.

അതേസമയം, ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽകരിം, ജെനിൻ നഗരങ്ങളിൽ 18 പലസ്തീൻകാരും കൊല്ലപ്പെട്ടു. നൂർ ഷംസ് അഭയാർഥി ക്യാംപിലെ ആക്രമണത്തിൽ പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ കമാൻഡർ മുഹമ്മദ് ജബീർ (അബു ഷുജാ) കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 40,602 പലസ്തീൻകാർ കൊല്ലപ്പെട്ടു.

English Summary:

Polio vaccination crisis in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com