യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണം
Mail This Article
കീവ് ∙ യുക്രെയ്നിൽ 4 ദിവസത്തിനിടെ മൂന്നാമതും റഷ്യ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. 5 ദീർഘദൂര മിസൈലുകളും 74 ഷഹീദ് ഡ്രോണുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചെന്നും അതിൽ 2 മിസൈലുകളും 60 ഡ്രോണുകളും വീഴ്ത്തിയെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. 14 ഡ്രോണുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് വീണു. 3 ജില്ലകളിലായി വീണ ഇവയുടെ അവശിഷ്ടങ്ങൾ ചെറിയതോതിലുള്ള തീപിടിത്തത്തിന് ഇടയാക്കിയെങ്കിലും കാര്യമായ നാശനഷ്ടമില്ല.
ഊർജ ഉൽപാദന, വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യുക്രെയ്ൻ പറയുന്നു. തിങ്കളാഴ്ച നടന്ന ആക്രമണം രാജ്യത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു. അന്ന് 7 പേർ കൊല്ലപ്പെടുകയും ചെയ്തു. ദീർഘദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ജനവാസകേന്ദ്രങ്ങളിൽ ആക്രമണം തുടരാൻ അനുവദിക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് അഭ്യർഥിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിന് രാജ്യാന്തരസമൂഹം കൂടുതൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇതേസമയം, ക്രൈമിയയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തിയതായി റഷ്യൻ സൈന്യം അറിയിച്ചു. കരിങ്കടലിലെ ഉപദ്വീപുകൾ ലക്ഷ്യമിട്ട് യുക്രെയ്ൻ അയച്ച 4 ഡ്രോണുകൾ ലക്ഷ്യത്തിലെത്തും മുൻപ് തകർത്തതായും പറഞ്ഞു. റോസ്റ്റോവിലെയും കിറോവിലെയും റഷ്യയുടെ എണ്ണ സംഭരണ കേന്ദ്രം ആക്രമിച്ച് റഷ്യൻ മുന്നേറ്റം തടയാനും യുക്രെയ്ൻ ശ്രമിക്കുന്നു.