ADVERTISEMENT

ജറുസലം ∙ തെക്കൻ ലബനനിലെ നബത്തിയ നഗരത്തിലെ മുനിസിപ്പൽ ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ മേയർ അഹ്മദ് കലീൽ അടക്കം 16 പേർ കൊല്ലപ്പെട്ടു. 52 പേർക്കു പരുക്കേറ്റു. 

ലബനനിലെ കാനാ പട്ടണത്തിലെ പാർപ്പിടസമുച്ചയങ്ങളിലും ആരോഗ്യകേന്ദ്രത്തിലും ചൊവ്വാഴ്ച രാത്രി നടത്തിയ ബോംബാക്രമണത്തിൽ 15 പേരും കൊല്ലപ്പെട്ടു.  24 മണിക്കൂറിനിടെ ലബനനിൽ ആകെ മരണം 31 ആയി. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. 

6 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലും തുടർച്ചയായ ബോംബാക്രമണമുണ്ടായി. വടക്കൻ ഗാസ വളഞ്ഞുവച്ച് ഇസ്രയേൽ സൈന്യം നടത്തുന്ന അതിക്രമങ്ങൾ 12–ാം ദിവസം പിന്നിട്ടു. ജബാലിയയിൽനിന്ന് ഈ മാസം 6 നു ശേഷം ഇതുവരെ 350 പലസ്തീൻകാരുടെ മൃതദേഹങ്ങൾ ആശുപത്രികളിലെത്തിയതായി അധികൃതർ അറിയിച്ചു. ഇസ്രയേൽ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും കൊല്ലപ്പെട്ട ഇവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നും തെരുവുകളിൽനിന്നുമാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഫ്രാൻസിനു പിന്നാലെ കാനഡയും രംഗത്തെത്തി. ലബനനിൽ യുഎൻ സമാധാനസേനയെ ആക്രമിച്ച നടപടിയെയും കാനഡ വിമർശിച്ചു.

വടക്കൻ ഗാസയിൽ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്ന ഇസ്രയേൽ നയം യുഎസ് അംഗീകരിക്കുന്നില്ലെന്ന് യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. സൈന്യം വളഞ്ഞുവച്ചിട്ടുള്ള ജബാലിയ അഭയാർഥിക്യാംപിൽ പോളിയോ വാക്സിനേഷൻ നടത്തേണ്ടതുണ്ടെന്നും യുഎസ് പറഞ്ഞു. രണ്ടാം ഘട്ട പോളിയോ വാക്സിനേഷൻ മധ്യഗാസയിൽ തിങ്കളാഴ്ച ആരംഭിച്ചിരുന്നു.

ഗാസയിൽ ഇതുവരെ 42,409 പലസ്തീൻകാർ കൊല്ലപ്പെട്ടു. 99,153 പേർക്കു പരുക്കേറ്റു. ഗാസയിലേക്കു സഹായമെത്താത്ത സാഹചര്യത്തിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് യുഎൻ പലസ്തീൻ അഭയാർഥിസംഘടന (യുഎൻആർഡബ്ല്യൂഎ) എന്ന് മേധാവി ഫിലിപ്പി ലസാറിനി ബർലിനിൽ പറഞ്ഞു.

സംഘർഷാവസ്ഥയിൽ ഇളവുണ്ടാകാത്ത സാഹചര്യത്തിൽ ടെൽ അവീവ്, ബെയ്റൂട്ട് സർവീസുകൾ ഈ മാസാവസാനം വരെ വിവിധ വിമാനക്കമ്പനികൾ റദ്ദാക്കി.

English Summary:

Israel bomb attack on Lebanon municipal headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com