ADVERTISEMENT

ജറുസലം ∙ വടക്കൻ ഗാസയിൽ ശനിയാഴ്ച രാത്രി ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 87 പലസ്തീൻകാർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ 3 കമാൻഡർമാരെ കൂടി വധിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ആസ്ഥാനത്തും ആയുധനിർമാണശാലയിലും ബോംബിട്ടു. 

ഒരു വർഷം മുൻപ് ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിക്കുമ്പോൾ ആദ്യം ആക്രമിക്കപ്പെട്ട പ്രദേശമാണു ബെയ്ത്ത് ലാഹിയ. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. രണ്ടാഴ്ച മുൻപാണു വടക്കൻ ഗാസയിലെ ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ തിരിച്ചെത്തിയത്. ജബാലിയയ്ക്കു തെക്കാണു ബെയ്ത്ത് ലാഹിയ. ഇസ്രയേൽ സൈന്യം വളഞ്ഞുവച്ചിരിക്കുന്ന വടക്കൻ ഗാസയിൽ 4 ലക്ഷം പലസ്തീൻകാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു റിപ്പോർട്ട്. 16 ദിവസമായി ഭക്ഷണവും വെള്ളവുമടക്കം ജീവകാരുണ്യസഹായമെത്താത്ത സ്ഥിതിയാണ്. ആക്രമണത്തെ യുഎൻ അപലപിച്ചു. ഖാൻ യൂനിസിൽ ജലവിതരണത്തകരാറു നന്നാക്കാൻ പോയ തങ്ങളുടെ 4 എൻജിനീയർമാർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഓക്സ്ഫാം അറിയിച്ചു. 

അതിനിടെ, ഇറാൻ ആക്രമിക്കാനുള്ള ഇസ്രയേൽ സൈനികപദ്ധതി വിലയിരുത്തുന്ന തങ്ങളുടെ രഹസ്യരേഖ ചോർന്ന സംഭവത്തിൽ യുഎസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 1ന് ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കു തിരിച്ചടിക്കു സൈനികസാമഗ്രികളുടെ നീക്കം ഇസ്രയേൽ ആരംഭിച്ചതിന്റെ വിവരങ്ങളാണു യുഎസ് ജീയോസ്പേഷ്യൽ ഇന്റലിജൻസ് ഏജൻസിയും നാഷനൽ സെക്യൂരിറ്റി ഏജൻസിയും ചേർന്നു തയാറാക്കിയ രഹസ്യരേഖയിലുള്ളത്. സമൂഹമാധ്യമായ ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ട രേഖ ആദ്യം സിഎൻഎൻ ആണു റിപ്പോർട്ട് ചെയ്തത്. ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഗാസയിൽ വെടിനിർത്തലിനായി യുഎസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇസ്രയേലോ ഹമാസോ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 42,603 പലസ്തീൻകാർ കൊല്ലപ്പെട്ടു. 99,795 പേർക്കു പരുക്കേറ്റു. ഗാസയിൽ ഒരു കേണൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.അതിനിടെ, മിലിറ്ററി ട്രേഡ് ഷോയിൽ പങ്കെടുക്കുന്നതിൽനിന്ന് ഇസ്രയേലിനെ വിലക്കിയ നടപടിയുടെ പേരിൽ ഫ്രഞ്ച് പ്രസിഡ‍ന്റ് ഇമ്മാനുവൽ മക്രോയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി പറഞ്ഞു. 

English Summary:

Israel bomb attack on Gaza houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com