യുഎസ് തിരഞ്ഞെടുപ്പ്: ബൈഡൻ നേരത്തേ വോട്ട് ചെയ്തു
Mail This Article
ന്യൂകാസിൽ ∙ തിരഞ്ഞെടുപ്പ് തീയതിയായ നവംബർ 5 വരെ കാത്തിരിക്കാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വന്തം നാടായ ഡെലവെയറിലെത്തി വോട്ടുചെയ്തു. വിൽമിങ്ടനിലെ വീടിനടുത്തുള്ള ബൂത്തിലെത്തി 40 മിനിറ്റോളം വരിനിന്ന ശേഷമാണ് വോട്ടു രേഖപ്പെടുത്തിയത്.
തൊട്ടുമുന്നിലുണ്ടായിരുന്ന ചക്രക്കസേരയിലെ വനിതയെ മുന്നോട്ടു നീങ്ങാൻ സഹായിച്ച അദ്ദേഹം എല്ലാവരോടും വിശേഷങ്ങൾ തിരക്കി. തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ തിരിച്ചറിയൽ രേഖ ഹാജരാക്കി, ഫോമിൽ ഒപ്പിട്ട ശേഷം വോട്ടു രേഖപ്പെടുത്താനായി കറുത്ത തിരശീലയ്ക്കു പിന്നിലേക്കു പോയി. ‘ഇപ്പോൾ വോട്ടു ചെയ്യുന്നത് ജോസഫ് ബൈഡൻ’ എന്ന് ഉദ്യോഗസ്ഥർ ഉറക്കെ വിളിച്ചു പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെ തോൽപ്പിക്കുമെന്ന കാര്യം ഉറപ്പാണ്ടെന്ന് കാത്തുനിന്ന മാധ്യമപ്രവർത്തകരോടു ബൈഡൻ പറഞ്ഞു.
സ്ഥാനാർഥിയായി ആദ്യം രംഗത്തുണ്ടായിരുന്നിട്ടും ട്രംപുമായുള്ള സംവാദത്തിൽ ഉൾപ്പെടെ ചുവടുപിഴച്ച് ബൈഡനു പിന്മാറേണ്ടിവന്നതിനെ സൂചിപ്പിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യമെത്തി: കയ്പും മധുരവും ഒരുമിച്ചുതോന്നുന്ന നിമിഷമാണോ ഇത്? ഉത്തരം ഉടൻ വന്നു: അല്ല. മധുരം മാത്രമേയുള്ളൂ.