യുഎസ് ഹാസ്യതാരം ടെറി ഗാറിന് വിട
Mail This Article
ലൊസാഞ്ചലസ് ∙ മികവുറ്റ കോമഡി വേഷങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച ഹോളിവുഡ് താരം ടെറി ഗാർ (79) അന്തരിച്ചു. മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹാസ്യതാരം എഡി ഗാറിന്റെയും നർത്തകി ഫിലിസ് ലിൻഡിന്റെയും മകളായി ജനിച്ച ടെറി കുട്ടിക്കാലത്തുതന്നെ നൃത്തവേദികളിലെ താരമായി. 1963 മുതൽ സിനിമയിൽ ചെറുവേഷങ്ങൾ ലഭിച്ചുതുടങ്ങി. ‘വിവ ലാസ് വേഗസ്’ ഉൾപ്പെടെ എൽവിസ് പ്രെസ്‌ലി അഭിനയിച്ച 9 സിനിമകളിലെ നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു.
1974 ൽ പുറത്തിറങ്ങിയ ‘യങ് ഫ്രാങ്കെൻസ്റ്റൈനി’ലെ ഹാസ്യവേഷം വഴിത്തിരിവായി. 1999ൽ എംഎസ് രോഗാവസ്ഥ സ്ഥിരീകരിച്ചെങ്കിലും സിനിമയിൽ അവസരം കുറയുമെന്നോർത്ത് അക്കാര്യം വർഷത്തോളം മറച്ചുവച്ചതായി ടെറി പിൽക്കാലത്തു വെളിപ്പെടുത്തിയിരുന്നു. ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ് തേഡ് കൈൻഡ് (1977), ഓസ്കർ നാമനിർദേശം നേടിക്കൊടുത്ത ടൂറ്റ്സി (1982) തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. ‘സ്പീഡ്ബംപ്സ്’ ആത്മകഥയാണ്.