ADVERTISEMENT

ന്യൂയോർക്ക്∙ ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നേറ്റ യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് അറിയിച്ചു.

കൊളംബോയിലെ പോർട്ട് ടെർമിനൽ പദ്ധതിക്കാണു സ്ഥാപനം പണം നൽകാമെന്നേറ്റത്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും പഠിച്ച് മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയശേഷമേ വായ്പ നൽകുകയുള്ളുവെന്ന് സ്ഥാപനം അറിയിച്ചു.ഇതിനിടെ അദാനി ഗ്രൂപ്പിനെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിശാൽ ഝാ എന്ന അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി നൽകി.

താപനിലയ പദ്ധതി: ബംഗ്ലദേശിൽ അദാനിക്കെതിരെ അന്വേഷണം

ധാക്ക ∙ അദാനി ഗ്രൂപ്പ് അടക്കം വിവിധ കമ്പനികളുമായി ഷെയ്ഖ് ഹസീന ഭരണകൂടം ഒപ്പുവച്ച ഊർജ,വൈദ്യുതി പദ്ധതികളിൽ വിശദാന്വേഷണം നടത്താൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ നിയോഗിച്ച ഉന്നതസമിതി ശുപാർശ ചെയ്തു. ഷെയ്ഖ് ഹസീന അധികാരത്തിലിരുന്ന 2009 മുതൽ 2024 വരെ ഒപ്പുവച്ച ഊർജപദ്ധതികളിൽ അഴിമതി നടന്നതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണു പ്രത്യേക ഏജൻസിയെ വച്ച് അന്വേഷിക്കണമെന്നു ഊർജ, ധാതുവിഭവ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ നിയോഗിക്കപ്പെട്ട ദേശീയ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തത്.

അദാനി പവർ ലിമിറ്റഡിന്റെ  ബംഗ്ലദേശ് ഇന്ത്യ ഫ്രൺഷിപ് പവർ കമ്പനി ലിമിറ്റഡ് (ബിഐഎഫ്പിസിഎൽ) 1234.4 മെഗാവാട്ട് താപവൈദ്യുതി നിലയം അടക്കം 7 വൻകിട ഊർജ, വൈദ്യുതി പദ്ധതികളാണു സമിതി പരിശോധിച്ചതെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫിസ് അറിയിച്ചു. ആറെണ്ണത്തിൽ ഒരെണ്ണം ചൈനീസ് കമ്പനിയുടെയും മറ്റെല്ലാം ഷെയ്ഖ് ഹസീനയോടു അടുപ്പമുള്ള ബംഗ്ലദേശ് കമ്പനികളുടേതുമാണ്. ഊർജരംഗത്തെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ബംഗ്ലദേശിൽ നിക്ഷേപം നടത്തിയത്.പദ്ധതിയുമായി ബന്ധപ്പെട്ടു കിട്ടാനുള്ള 80 കോടി ഡോളർ നൽകണമെന്നാവശ്യപ്പെട്ടു ഈയിടെ അദാനി ഗ്രൂപ്പ് ബംഗ്ലദേശ് സർക്കാരിനു കത്തെഴുതിയിരുന്നു.

English Summary:

US Firm to Reevaluate Loan for Adani Project in Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com