ADVERTISEMENT

ഇത്തവണ ഒരു കഥയായാലോ? 

വളരെ യാദൃശ്ചികമായാണ് നിഷയെ ഞാൻ പരിചയപ്പെട്ടത്. നിഷ കൂടെയുള്ള ഭർത്താവിനെ എനിക്ക് പരിചയപ്പെടുത്തി. " ദേവിചേച്ചീ ഇത് അനൂപ്." 

"രണ്ടു മക്കൾ ഉണ്ട്. ഒരു മകനും ഒരു മകളും. രണ്ടാളും എഞ്ചിനീയറിംഗ് പഠിക്കുന്നു. മോൻ മൂന്നാം കൊല്ലം. മോൾ ഒന്നാം കൊല്ലം." പരിചയം സൗഹൃദമായി വളർന്ന നാളുകളിലൊന്നിൽ നിഷ പറഞ്ഞു. 

"ദേവി ചേച്ചീ എന്റേത് രണ്ടാം വിവാഹമാണ്." ഞാൻ ഞെട്ടി എന്ന് പറയേണ്ടതില്ലല്ലോ. "കുട്ടികൾ ആദ്യ വിവാഹത്തിലേതാണ്. അവരുടെ അച്ഛൻ മരിച്ചുപോയി."

നിഷ കഥ തുടർന്നു. ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുകയില്ല എന്ന് തോന്നിയപ്പോഴാണ് ഒരു രണ്ടാം വിവാഹം ചെയ്യാൻ നിഷ തയാറായത്. മക്കൾക്ക് അത് സമ്മതമായിരുന്നു. പക്ഷേ വീണ്ടും വിവാഹിതയായി ഭർത്തൃഗൃഹത്തിലേക്ക് പോയപ്പോൾ നിഷ മക്കളെ കൊണ്ടുപോയില്ല. രണ്ടു മക്കളുള്ള ഒരു സ്ത്രീയെ അനൂപ് വിവാഹം കഴിക്കുന്നത് അയാളുടെ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിഷയെ കണ്ടു പരിചയപ്പെട്ട്, കഥകൾ അറിഞ്ഞ്, ഇഷ്ടപ്പെട്ടാണ് അയാൾ പ്രൊപ്പോസ് ചെയ്തത്. അതിന്റെ വിശദവിവരങ്ങളിലേയ്ക്ക് നിഷ കടന്നില്ല. ഞാൻ ചോദിച്ചുമില്ല. സുന്ദരിയല്ലെങ്കിലും നല്ല പ്രസരിപ്പും ആരോഗ്യവുമുള്ള ഒരു യുവവിധവയെ മറ്റൊരാൾ കണ്ട് ഇഷ്ടപ്പെടുന്നത് അത്ര അപൂർവമൊന്നുമല്ല. എന്നാലും പുനർ വിവാഹത്തെ എതിർക്കുക എന്നത് സമൂഹത്തിന്റെ ഒരു രീതിയാണ്. നിഷയുടെ വീട്ടുകാരും ആദ്യം എതിർത്തു. കാരണം കുട്ടികൾ ഉള്ളത് തന്നെ. കുട്ടികൾ അതുമായി പൊരുത്തപ്പെടുമോ എന്ന ഭയം സ്വാഭാവികം. നിഷ കുട്ടികളെ സ്വന്തം അച്ഛനമ്മമാരെ തന്നെ ഏൽപ്പിച്ചു. ഇപ്പോൾ അവർ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അവധിക്കാലത്തു മാത്രമേ വീട്ടിൽ വരൂ. നിഷയുടെ വീട്ടുകാർക്ക് അതും അത്ര സമ്മതമല്ലായിരുന്നു. കുട്ടികളുടെ കാര്യങ്ങളും ചെലവുകളുമൊക്കെ നിഷ നോക്കിപ്പോന്നു. എന്നാലും ചുമതലയില്ലേ? വീട്ടുകാർ അത്ര ധനികരൊന്നുമല്ല. അച്ഛനുമമ്മയും മാത്രമേ വീട്ടിലുള്ളു.സഹോദരങ്ങൾ ഒക്കെ വിവാഹിതരായി പലയിടങ്ങളിലാണ്. അസൗകര്യം ഒന്നും ഇല്ല. അവധിക്കാലത്ത്  നിഷയും  പോയി സ്വന്തം വീട്ടിൽ മക്കളോടൊപ്പം നിന്നു. അനൂപിന്റെ വീട്ടിലേയ്ക്ക് ഒരിക്കലും അവരെ കൊണ്ട് പോയില്ല.വല്ലപ്പോഴും നിഷയുള്ളപ്പോൾ നിഷയുടെ വീട് സന്ദർശിച്ച അയാൾ ആ കുട്ടികളെ കണ്ടിട്ടുണ്ട്. അവർ തമ്മിൽ വിരോധമൊന്നുമില്ല. എന്നാൽ യാതൊരു അടുപ്പവുമില്ല. "അതൊന്നും ശരിയാവില്ല ചേച്ചീ." നിഷ ഒറ്റ വാക്യത്തിൽ പറഞ്ഞു തീർത്തു.

"അനൂപിനെ വിവാഹം കഴിച്ചിട്ട് എത്ര നാളായി?"എന്റെ ആകാംക്ഷ തല പൊക്കി.

"എട്ടു പത്തു കൊല്ലമായി." നിഷ അലസമായി പറഞ്ഞു.''അന്ന് കുട്ടികൾ ചെറുതല്ലേ. അവർ എന്റെ വീട്ടിലായിരുന്നു, എഞ്ചിനീയറിംഗ് നു ചേരും വരെ"

"കുട്ടികൾ ഇനി വേണ്ടാന്ന് വച്ചോ?"

"നിഷയ്ക്ക് മക്കളുണ്ട് അനൂപിനോ?" ഞാൻ തുടർന്നു. "അനൂപിന് കുട്ടികൾ ഉണ്ടാവില്ല." നിഷ അടുത്ത വെടി  പൊട്ടിച്ചു . ഞാൻ വീണ്ടും ഞെട്ടി. "അയ്യോ." 

"അതല്ല ചേച്ചീ അയാൾക്ക്‌ ഒരു സ്ത്രീ ആവശ്യമില്ല." "യ്യോ." ഞാൻ ഭയങ്കരമായി ഞെട്ടി. 'ഗേ' യാണോ എന്നെങ്ങിനെ ചോദിക്കും? ഞാൻ മിണ്ടിയില്ല.

"ഒരു ഭർത്താവ് ഭാര്യക്ക് ചെയ്യേണ്ട എല്ലാ കാര്യവും ചെയ്യും. ആവശ്യങ്ങൾക്കു പൈസ തരും എവിടെ പോയാലും (ധാരാളം യാത്രയുള്ള ജോലിയാണ് അനൂപിന്) രാവിലെയും ഉച്ചയ്ക്കും രാത്രിയും വിളിക്കും. വേണ്ടതൊക്കെ വാങ്ങിത്തരും. നല്ല പെരുമാറ്റം. പക്ഷേ  'അത്' മാത്രമില്ല." നിഷ വളരെ കൂളായി പറഞ്ഞു. അവൾക്കും അത് സമ്മതമാണെന്ന മട്ടിൽ.

"ജീവിക്കാൻ ഒരു ആൺതുണ വേണം. അത്രേ ഞാൻ ആശിച്ചുള്ളു. മക്കളെ വളർത്തി ഒരു കരയെത്തിക്കണം. മറ്റൊന്നും വേണ്ട." ചോദിക്കാതെ തന്നെ അവൾ  വിശദീകരിച്ചു.

പക്ഷേ എന്തോ ഒരപാകത തോന്നി. കാരണം വസ്ത്രത്തോട്, ഒരുക്കത്തോട്, ഭക്ഷണത്തോട് ഒക്കെ അമിതമായ ഭ്രമമാണ് നിഷയ്ക്ക്. അവൾക്കു മറ്റൊന്നും വേണ്ടാ എന്നു  പറഞ്ഞാൽ വിശ്വസിക്കുന്നതെങ്ങിനെ?

എന്തായാലും ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. നേരിട്ട് കണ്ടാലും ഫോണിൽ വിളിച്ചാലും അനൂപിന്റെയും മക്കളുടെയും കാര്യമേ നിഷയ്ക്ക് പറയാനുള്ളു. അതെന്നെ അത്ഭുതപ്പെടുത്തി. അനൂപിന്റെ കൂടെ പോകുമ്പോൾ നിഷ ചെറുപ്പമായിരുന്നു. പത്തു മുപ്പത്തഞ്ചു വയസ്സ്. അന്ന് തൊട്ട് അവൾ ഇങ്ങനെ കഴിയുന്നോ?അനൂപ് നേരത്തെ അവളോട് വിവരം പറഞ്ഞിരുന്നോ? ഒന്നും ചോദിക്കാനാവാതെ ഞാൻ കുഴങ്ങി. അല്ലെങ്കിൽ എന്തിനാണ് ചോദിക്കുന്നത്? മറ്റൊരാളുടെ വ്യക്തിപരമായ കാര്യങ്ങൾ! എന്തിനാണ് ക്യൂരിയോസിറ്റി? പറയുന്നിടത്തോളം അറിഞ്ഞാൽ മതി . ഞാനത് വിട്ടു.

ഒരു ദിവസം നിഷ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞു. "ചേച്ചീ ഞാൻ ജോലി മാറി. അല്പം ദൂരെയാണ്. ആഴ്ചയിലൊരിക്കലേ വീട്ടിൽ വരാൻ  പറ്റൂ. മക്കൾ ഹോസ്റ്റലിൽ തന്നെയാണ്. കുഴപ്പമില്ല. അനൂപിനവിടെ അമ്മയുണ്ടല്ലോ "  

"ചേച്ചീ ഒരു കാര്യം പറയാനുണ്ട്. എന്റെ ഭർത്താവ്  ജോസ് മരിച്ചിട്ടൊന്നുമില്ല. അവിടെയുണ്ട്. ഞാൻ ചേച്ചിയോട് കള്ളം പറഞ്ഞു." നിഷ പറഞ്ഞു.

ശ്ശോ, മൂന്നാമത്തെ ബോംബ്! ഇത്തവണ ഞാൻ ഞെട്ടുകയല്ല, നടുങ്ങുകയാണുണ്ടായത്. 

"എവിടെയാണയാൾ?" ചോദിക്കാതിരിക്കാനായില്ല. 

"ഞങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന ഞങ്ങളുടെ വീട്ടിൽ തന്നെ. കുടിയും അടിയും ദ്രോഹവും സഹിക്കവയ്യാതെ ഞാൻ പോയതാണ്. പിന്നെ കണ്ടിട്ടില്ല. ഇടയ്ക്കു ഫോണിൽ വിളിച്ചു ചീത്ത പറയും. മക്കളെപ്പോലും വിശ്വസിച്ച്  അയാളുടെ അടുത്ത് വിടാനാവില്ല." ശ്വാസം വിടാതെ നിഷ പറഞ്ഞു തീർത്തു.

എന്തെല്ലാം തരം  ജീവിതങ്ങൾ! വല്ലാത്ത ജന്മങ്ങൾ! എന്ത് പറയാനാണ്. കഥകളേക്കാൾ വിചിത്രമാണ് പലപ്പോഴും അനുഭവങ്ങൾ!    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com