സമയത്തിന്റെ വിലയെക്കുറിച്ച് ഞാൻ ഈ പംക്തിയിൽ നേരത്തെ എഴുതിയിട്ടുണ്ട്. അതിന്റെ ആവർത്തനമല്ല ഇത്. അതിന്റെ തുടർച്ചയാണ് ഈ ലേഖനം. നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത വിലപിടിച്ചവയിൽ ഒന്നാണ് സമയം. സമയം പോയാൽ പോയതുതന്നെ.സമയം കടന്നു പോകും. സമയം ആർക്കുവേണ്ടിയും കാത്ത് നിൽക്കുകയില്ല.
എല്ലാക്കാര്യത്തിലും സമയം പ്രധാനമാണ്. പഠിക്കാനുള്ള സമയം, കളിക്കാനുള്ള സമയം, ജോലികൾ ചെയ്യാനുള്ള സമയം, വിശ്രമിക്കാനുള്ള സമയം, യാത്രകൾ ചെയ്യാനുള്ള സമയം ,ഇങ്ങനെ ഓരോന്നിനും നമ്മൾ മാറ്റി വയ്ക്കുന്ന സമയം നഷ്ടപ്പെടുത്താതെ ഉപയോഗിക്കേണ്ടതുണ്ട്.
ഞാൻ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ മൂന്നു കുട്ടികളുണ്ട്. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും. ഏതാണ്ട് ഒരേ പ്രായം അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന ചെറിയ കുട്ടികൾ. സമയം വിനിയോഗിക്കുന്നതിൽ ഏറ്റവും നല്ല മാതൃകയാണവർ. പഠിക്കാൻ മാത്രമല്ല കളിക്കാനും അവർ സമയം കണ്ടെത്തുന്നുണ്ട്.ഇപ്പോഴത്തെ കുട്ടികളെപ്പോലെ ഫ്ലാറ്റിനുള്ളിൽ അടച്ചിരിക്കുന്നു ശീലം ഇവർക്കില്ല. പഠിക്കാനുള്ള സമയം കഴിഞ്ഞാൽ പുറത്തിറങ്ങുകയായി. ഒഴിവുസമയങ്ങൾ കളിക്കാനാണ് അവർ വിനിയോഗിക്കുന്നത്.
മൂന്നുപേരും കൂടി ഫ്‌ളാറ്റുകളുടെ സ്റ്റെപ്പിന് ഇടയ്ക്കുള്ള കോറിഡോറിൽ ഇരുന്ന് കളി തുടങ്ങും..ചെസ്സ്, സ്നേക്ക് ആൻറ് ലാടെഴ്സ്, മൊണോപ്പൊളി, ഡ്രായിങ്, പെയിന്റിങ് അവർക്കില്ലാത്ത കളികളില്ല ഉച്ചയ്ക്ക് ഊണിനു ചെല്ലണമെങ്കിൽ അമ്മമാർ ഒരുപാടു വിളിക്കണം .ഊണു കഴിഞ്ഞു വന്നാലോ വീണ്ടും കളി. സ്റ്റോറി പറയുക ,റസിറ്റേഷൻ ചൊല്ലുക ഇതൊക്കെ ഉണ്ടാവും. വെയിലാറിയാലോ, ഫ്ലാറ്റിന്റെ താഴെയുള്ള കാർ പാർക്കിങ്ങിൽ ഓടിക്കളി,ഒളിച്ചുകളി, സാറ്റ് കളി അങ്ങനെ വിവിധ കളികൾ. എന്റെ കുട്ടിക്കാലവും അയൽപക്കത്തെ കൂട്ടുകാരുമൊത്തുള്ള അവധിക്കാലങ്ങളും ഇവർ ഓർമിപ്പിക്കുന്നു.
മുഴുവൻ സമയവും കളിയാണ് എന്ന് പരാതിപ്പെടുന്ന അവരുടെ അമ്മമാരോട് ഞാൻ പറയാറുണ്ട്. 'കളിക്കട്ടെ ഇഷ്ടം പോലെ കളിക്കട്ടെ. ഈ പ്രായവും അവധിക്കാലങ്ങളുമൊക്കെ കടന്നു പോകും. കുട്ടിക്കാലം കളിക്കാനും കൂടിയുള്ള കാലമല്ലേ?' ശരിയാണ് എന്നവരും സമ്മതിക്കും. നഷ്ടപ്പെട്ട ബാല്യമോർത്ത് സങ്കടപ്പെടുന്നവരാണ് അവരും ഞാനുമൊക്കെ.
ചെറുപ്രായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് പഠനകാലം. പരീക്ഷ കഴിഞ്ഞ് മാർക്കുകൾ കിട്ടിക്കഴിഞ്ഞ് പരിതപിക്കുന്നത് കൊണ്ട് എന്തു കാര്യം? കഴിഞ്ഞത് പറഞ്ഞിട്ടെന്തു കാര്യം എന്ന് വിചാരിച്ച് അലസരായിരിക്കരുത്. നന്നായി പഠിക്കാൻ തുടങ്ങുക. അടുത്ത പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങി നഷ്ടം പരിഹരിക്കാം. പഠിക്കാനുള്ള സമയം വെറുതെ പാഴാക്കരുത്. ഭാവി തന്നെ രൂപപ്പെടുത്തി എടുക്കുന്നതാണ് വിദ്യാഭ്യാസ കാലം.
ജോലി കിട്ടിയാലോ? എന്ത് ജോലി ആണെങ്കിലും സമയത്തിന് ചെയ്തു തീർക്കുക. ഉദ്യോഗം പോലെ പ്രധാനപ്പെട്ടതാണ് വീട്ടു ജോലികളും. ഓരോന്നും ചെയ്തു തീർക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി വിലപ്പെട്ടതാണ്.
വെറുതെ ചിന്തിച്ചിരുന്നാൽ സമയം പാഴാകുമെന്നു മാത്രമല്ല, മനസ്സിന് അസ്വസ്ഥത ബാക്കി. 'ഓവർ തിങ്കിങ്ങ്' ആണ് രോഗങ്ങളിലേയ്ക്ക് നയിക്കുന്നത്. അതുകൊണ്ടു മനസ്സിനെ വെറുതെ അലയാൻ അനുവദിക്കരുത്. നമ്മൾ എപ്പോഴും ആക്റ്റീവ് ആയിരിക്കണം. മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട.
വിശ്രമിക്കാനുള്ള സമയം വിശ്രമിക്കുക തന്നെ വേണം. ഉറക്കമാണ് ഏറ്റവും നല്ല വിശ്രമം. മനസ്സിനും ശരീരത്തിനും സുഖം പകരാൻ ഉറക്കം പോലെ ഒരു മാർഗ്ഗമില്ല. ഗാഡ്ഢമായ ഉറക്കം ആരോഗ്യത്തിനും ആയുസ്സിനും അത്യാവശ്യമാണ്. കുടുംബത്തിന് വേണ്ടി ചെലവഴിക്കേണ്ട സമയം എന്തൊക്കെ തിരക്കുകൾ ഉണ്ടായാലും കണ്ടെത്തണം. കുടുംബത്തിന്റെ കെട്ടുറപ്പ് സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണ്.
കാലം ആർക്കുവേണ്ടിയും കാത്ത് നിൽക്കുകയില്ല എന്ന ചൊല്ല് ഒന്നുകൂടി ആവർത്തിക്കട്ടെ. അതുകൊണ്ട് ചെയ്യാനുള്ളതെല്ലാം സമയാസമയം ചെയ്തു തീർക്കുക. ജീവിതം വളരെ ചെറുതാണ്. ജീവിച്ചിരിക്കുമ്പോഴല്ലേ ആശിച്ചതെല്ലാം ചെയ്യാനാവൂ.