കോടികള്‍ വിലയുള്ള തലകള്‍
Mail This Article
രാജ്യങ്ങള്‍ തമ്മിലുളള ശത്രുത പല തലങ്ങളിലേക്കും വ്യാപിക്കാറുണ്ടെങ്കിലും ഒരു രാജ്യത്തിലെ പ്രസിഡന്‍റിന്‍റെ തലയ്ക്ക് മറ്റൊരു രാജ്യം വിലയിടുന്നതു പതിവില്ലാത്തതാണ്. തെക്കെ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്‍റ് നിക്കൊളാസ് മദുറോയുമായുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വടംവലി ആ പതനത്തിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മദുറോയെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും അമേരിക്ക ആഗ്രഹിക്കുന്നു. അതിനു സഹയകമായ വിവരം നല്‍കുന്നവര്‍ക്ക് ഒന്നരക്കോടി ഡോളര്‍ സമ്മാനമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മദുറോയുടെ മിലിട്ടറി ഇന്‍റലിജന്‍സ് മുന്‍തലവന്‍, ഭരണഘടനാ സഭയുടെ അധ്യക്ഷന്‍, വ്യവസായ മന്ത്രി, കരസൈന്യത്തിലെ ഒരു റിട്ടയഡ് മേജര്‍ ജനറല്‍ എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ വീതം നല്‍കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ ഇക്കഴിഞ്ഞ വ്യാഴാഴ്ച (മാര്‍ച്ച് 26) വെളിപ്പെടുത്തിയിരുക്കുകയാണ്.
സ്വാഭാവികമായും ഈ സന്ദര്‍ഭത്തില്‍, ഇറാഖിലെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈന്‍, അല്‍ഖായിദ നേതാവ് ഉസാമ ബിന്‍ ലാദന്‍, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദി തുടങ്ങിയ ചിലരുടെ കഥകള്‍ ഓര്‍മിക്കുന്നവരുണ്ടാവും. സദ്ദാമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച ഇനാം രണ്ടരക്കോടി ഡോളറായിരുന്നു. സദ്ദാമിന്‍റെ മക്കളായ ഉദയ്, ഖുസയ് എന്നിവരുടെ തലയ്ക്ക് ഒന്നരക്കോടി ഡോളറും. പക്ഷേ, അപ്പോഴേക്കും സദ്ദാം ഇറാഖിലെ യുഎസ് ആക്രമണത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്നു പുറത്തായിരുന്നു.
സദ്ദാമിനെപ്പോലെതന്നെ ബിന്‍ ലാദന്‍, ബഗ്ദാദി എന്നിവരുടെ തലയ്ക്കും അമേരിക്ക വിലയിട്ടതു രണ്ടരക്കോടി ഡോളറാണ്. പക്ഷേ, ഇവര്‍ ഭരണാധിപരായിരുന്നില്ല. മദുറോയുടെ സ്ഥിതി അവരുടേതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ഏഴു വര്‍ഷമായി വെനേസ്വേല ഭരിക്കുകയാണ് അദ്ദേഹം. അതിനുമുന്‍പ് വിദേശമന്ത്രിയായിരുന്നു. മദുറോയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ അമേരിക്ക നടത്തിയ പല ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്തത്. അതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ലഹരി മരുന്നുകള്ളക്കടത്ത്. ലഹരി മരുന്ന് ഉപയോഗിച്ചുള്ള ഭീരകപ്രവര്‍ത്തനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ മദുറോയുടെയും മറ്റു 14 പ്രമുഖരുടെയുംമേല്‍ ചുമത്തിയതായി യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാറും വ്യക്തമാക്കിയിട്ടുണ്ട്. വെനസ്വേലയുടെ വൈസ് പ്രസിഡന്‍റ്, പ്രതിരോധമന്ത്രി, ഇന്‍റലിജന്‍സ് മേധാവി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ വടക്കെ അറ്റത്തു കിടക്കുന്ന വെനസ്വേലയുമായുള്ള യുഎസ് ഭരണകൂടത്തിന്‍റെ തര്‍ക്കത്തിനു രണ്ടു ദശകത്തിന്‍റെ പഴക്കമുണ്ട്. അമേരിക്കയ്ക്കു രുചിക്കാത്ത വിധത്തിലുള്ള ഇടതുപക്ഷ നയങ്ങള്‍ പിന്തുടരുകയാണ് വെനസ്വേല. ഇതേ കാരണത്താല്‍തന്നെ അമേരിക്കയുടെ ഒറ്റപ്പെടുത്തലിനു പാത്രമായ ക്യൂബയുമായി വെനസ്വേല ഗാഢമായ ചങ്ങാത്തത്തിലുമാണ്. അതും അമേരിക്കയെ രോഷം കൊള്ളിക്കുന്നു.
ഹ്യൂഗോ ഷാവെസ് 1999ല്‍ വെനസ്വേലയില്‍ അധികാരത്തില്‍ എത്തിയതോടെ തുടങ്ങിയതാണ് ഈ വഴക്കും വക്കാണവും. ഷാവെസിന്‍റെ മരണത്തെ തുടര്‍ന്നു 2013ല്‍ പ്രസിഡന്‍റായതാണ് അന്‍പത്തേഴുകാരനായ മദുറോ. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുമുന്‍പ് ബസ് ഡ്രൈവറായിരുന്നു.
ലാറ്റിന്‍ അമേരിക്കയിലെ യുഎസ് താല്‍പര്യങ്ങള്‍ക്കു തുരങ്കം വയ്ക്കാന്‍ വെനസ്വേല ശ്രമിക്കുന്നുവെന്ന് അമേരിക്കയും അമേരിക്ക തങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു വെനസ്വേലയിലെ ഗവണ്‍മെന്‍റും കുറ്റപ്പെടുത്തുന്നു. അതിന്‍റെ തുടര്‍ച്ചയായിട്ടാണ് മദുറോയും മറ്റും ലഹരി മരുന്നുകള്ളക്കടത്തു നടത്തുകയാണെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
അമേരിക്കക്കാരുടെ ആരോഗ്യം തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൊക്കെയിന്‍ പോലുള്ള ലഹരിമരുന്നുകള്‍ വെനസ്വേല വന്‍തോതില്‍ ഒളിച്ചുകടത്തുന്നത്, അങ്ങനെ ലഹരിമരുന്നുകളെ അമേരിക്കയ്ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു, ഇതു നാര്‍ക്കോ ടെററിസമാണ്, മധ്യ അമേരിക്കയിലെ ചില രാജ്യങ്ങള്‍ വഴി പുറത്തേക്കയച്ചും പണമുണ്ടാക്കുന്നു, അയല്‍രാജ്യമായ കൊളംബിയയിലെ ഭീകര പ്രവര്‍ത്തകരുമായി ഇതിനുവേണ്ടി അവര്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നു - ഇങ്ങനെ പോകുന്നു അമേരിക്കയുടെ ആരോപണം.
അമേരിക്കയിലേക്കു ലഹരിമരുന്നു കള്ളക്കടത്തു നടത്തുന്നുവെന്ന ആരോപണം മൂന്നു ദശകങ്ങള്‍ക്കു മുന്‍പ് ലാറ്റിന്‍ അമേരിക്കയിലെതന്നെ പാനമയിലെ ഏകാധിപതി മാന്വല്‍ നോറിയേഗയ്ക്ക് എതിരെയും ഉയര്‍ന്നിരുന്നു. അമേരിക്കയുമായി അടുത്ത ചങ്ങാത്തത്തിലായിരുന്ന നോറിയേഗ അതോടെ അവരുടെ കണ്ണിലെ കരടായി. 1989ല്‍ യുഎസ് സൈന്യം പാനമയില്‍ കയറുകയും നോറിയേഗയെ പിടികൂടുകയും ചെയ്തു. അമേരിക്കയിലും പാനമയിലൂമായി നോറിയേഗയ്ക്കു ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്നു.
അത്തരമൊരു നടപടി വെനസ്വേലയ്ക്കെതിരെയും കൈക്കൊള്ളാന്‍ ട്രംപ് ആഗ്രഹിക്കുകാണെന്നു കരുതുന്നവരുണ്ട്. എല്ലാ നടപടികളും ട്രംപിന്‍റെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‍റെ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ തുറന്നു പറയുകയുമുണ്ടായി.
പക്ഷേ, സൈനിക നടപടി ഒട്ടും എളുപ്പമാവില്ല. കാരണം, വെനസ്വേല ഒരു പാനമയല്ല, നിക്കൊളാസ് മദുറോ ഒരു നോറിയേഗയുമല്ല. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടയില്‍ നടന്ന ചില സംഭവങ്ങള്‍ വിശേഷിച്ചും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
മദുറോയ്ക്കു നിയമസാധുതയില്ലെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാര്‍ലമെന്‍റ് അധ്യക്ഷന്‍ ജൂവാന്‍ ഗൈഡോ (36) സ്വയം ഇടക്കാല പ്രസിഡന്‍റായി പ്രഖ്യാപിച്ചതായിരുന്നു ഏറ്റവും ശ്രദ്ധേയമായ സംഭവം. 2018ലെ തിരഞ്ഞെടുപ്പിലൂടെ മദുറോ രണ്ടാം തവണയും പ്രസിഡന്‍റായതു കൃത്രിമം നടത്തിയാണെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആ നടപടി.
അതിന്‍റെ പേരില്‍ മദുറോയുടെ രാജിക്കു വേണ്ടി പ്രക്ഷോഭം നടക്കുകയുമായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത ഗൈഡോ മദുറോയുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും തന്നോടു സഹകരിക്കാനും സായുധ സേനകളോട് ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഇത്രയും കാലം മദുറോയുടെ നിയമവിരുദ്ധ നടപടികള്‍ക്കു കൂട്ടുനിന്നുവെന്നതിന് അവര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു തവണ പട്ടാളത്തില്‍ അട്ടിമറി ശ്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, അതിനെയെല്ലാം അതിജീവിക്കാന്‍ മദുറോയ്ക്കു കഴിഞ്ഞു. അതിനിടയില്‍ പ്രതിപക്ഷ നിരയില്‍തന്നെ പിളര്‍പ്പുണ്ടാവുകയും ഗൈഡോയ്ക്കെതിരെ കലാപക്കൊടി ഉയരുകയും ചെയ്തു.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റിനെ അംഗീകരിച്ചുവെങ്കിലും മറ്റു രാജ്യങ്ങളുടെയെല്ലാം പിന്തുണ ഇപ്പോഴും മദുറോയ്ക്കാണ്. വന്‍ശക്തികളില്‍ റഷ്യയും ചൈനയും അദ്ദേഹത്തിന്‍റെ പിന്നില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
മദുറോയെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും എതിരേയുള്ള പുതിയ യുഎസ് നീക്കത്തെ പല നിരീക്ഷകരും വിലയിരുത്തുന്നത്. വെനസ്വേലയെ ആക്രമിക്കാനുള്ള മുന്നോടിയാണ് ഇതെന്നു മദുറോ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
English Summary : US indicts Nicolas Maduro and other top Venezuelan leaders for drug trafficking