ജപ്പാന്‍ : പുതിയ നായകന്‍, പഴയ പ്രശ്നങ്ങള്‍
Mail This Article
ജപ്പാനിലെ പുതിയ പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്കു തന്‍റെ മുന്‍ഗാമികളില്‍ പലര്‍ക്കും ഇല്ലാത്ത ഒരു സവിശേഷതയുണ്ട് : അവരെപ്പോലെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല അദ്ദേഹം. സുഗയുടെ മുന്‍ഗാമിയായ ഷിന്‍സൊ ആബെതന്നെ ഒരു മുന്‍വിദേശമന്ത്രിയുടെ മകനും ഒരു മുന്‍പ്രധാനമന്ത്രിയുടെ പൗത്രനും മറ്റൊരു പ്രധാനമന്ത്രിയുടെ അനന്തരവനുമാണ്. 'രാജകുമാരന്‍' എന്ന വിളിപ്പേരുമുണ്ട്. അത്തരമൊരു തറവാട്ടു മഹിമ സുഗയ്ക്ക് അവകാശപ്പെടാനില്ല.
ഒരു കൃഷിക്കാരന്‍റെ മകനാണ്. ഗ്രാമത്തിലായിരുന്നു ജനനം. പ്രതികൂല സാഹചര്യങ്ങളുമായി മല്ലിട്ടു പഠിക്കുകയും കോളജ് വിദ്യാഭ്യസച്ചെലവുകള്‍ വഹിക്കാനായി കാര്‍ഡ് ബോര്‍ഡ് ഫാക്ടറിയിലും മീന്‍ചന്തയിലും പണിയെടുക്കുകയും ചെയ്തു.
രാഷ്ട്രീയത്തില്‍ ഇറങ്ങിയശേഷം പടിപടിയായി ഉയര്‍ന്നു ചീഫ് ക്യാബിനറ്റ് സെക്രട്ടറിവരെയായി. അവിടെ നിന്നാണ് ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായും അങ്ങനെ പ്രധാനമന്ത്രിയുമായുള്ള സ്ഥാനാരോഹണം.
എഴുപത്തൊന്നുകാരനായ സുഗ സാധാരണഗതിയില്‍ ഇപ്പോഴൊന്നും പ്രധാനമന്ത്രിയാകുമായിരുന്നില്ല. എപ്പോഴെങ്കിലും ആകുമായിരുന്നുവോ എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയവുമുണ്ട്. ശക്തമായ ഒരു അനുയായി വൃന്ദം ഇല്ലെന്നതാണത്രേ അതിനൊരു കാരണം.
എട്ടുവര്‍ഷമായി ഭരണകക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായിരുന്നു അറുപത്തഞ്ചുകാരനായ ആബെ. താന്‍ സ്ഥാനമൊഴികയാണെന്നു ഓഗസ്റ്റ് അവസാനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ വാസ്തവത്തില്‍ രാജ്യം ഞെട്ടി. അതോടെയാണ് ആ പദവികളിലേക്കുള്ള വാതിലുകള്‍ സുഗയുടെ മുന്നില്‍ തുറക്കപ്പെട്ടതും.
ചീഫ് ക്യാബിനറ്റ് സെക്രട്ടറിയെന്ന നിലയില്‍ ആബെയുടെ മന്ത്രിസഭയില്‍ ഉന്നത സ്ഥാനമായിരുന്നു സുഗയ്ക്ക്. ആ നിലയില്‍ ആബെയുടെ വലംകൈയായി അറിയപ്പെട്ടു.
ഗവണ്‍മെന്‍റിന്‍റെ മുഖ്യ വക്താവുമായിരുന്നു. എല്ലാ ദിവസവും വാര്‍ത്താ സമ്മേളനങ്ങളിലൂടെ ഗവണ്‍മെന്‍റിന്‍റെ നയപരിപാടികള്‍ മാധ്യമങ്ങള്‍ക്കു വിവരിച്ചുകൊടുത്തുകൊണ്ടിരുന്നതു സുഗയാണ്. നാടൊട്ടുക്കും അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ അതു കാരണമാവുകയും ചെയ്തു. അതേസമയം, സുഗയുടെ ഭരണപരമായ കഴിവുകള്‍ ഒരിക്കലും കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നുമില്ല.
ആബെയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഭരണ കക്ഷിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ഇക്കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 14) സമ്മേളിച്ചപ്പോള്‍ സുഗ ഉള്‍പ്പെടെ മൂന്നു പേരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടു ദിവസത്തിനു ശേഷം പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയാവുകയും ചെയ്തു. ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു പാര്‍ലമെന്‍റില്‍ അത്രയും വലിയ ഭൂരിപക്ഷമാണുള്ളത്.
പക്ഷേ, ഈ പദവികളെല്ലാം സുഗ വഹിക്കാന്‍ പോകുന്നത് ഏതാണ്ട് ഒരു വര്‍ഷത്തേക്കു മാത്രമാണ്. അതായത് അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് വരെമാത്രം. മുന്‍ഗാമിയായ ആബെ സ്ഥാനമൊഴിഞ്ഞത് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കാന്‍ ഏതാണ്ട് ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ്.
അടുത്ത പൊതു തിരഞ്ഞെടുപ്പോടെ നേതൃസ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം വീണ്ടും തലപൊക്കാനിടയുണ്ട്. 2012ല്‍ ആബെ രണ്ടാം തവണ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പുണ്ടായിരുന്ന രാഷ്ട്രീയ അസ്ഥിരത കൂടുതല്‍ വീറോടെ തിരിച്ചുവന്നേക്കാമെന്നു പോലും പലരും ഭയപ്പെടുന്നു. അക്കാലത്ത് ശരാശരി ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രിയായിരുന്നു.
രാഷ്ട്രീയ സ്ഥിരത തിരിച്ചു കൊണ്ടുവന്നു എന്നതായിരുന്നു ആബെയുടെ ഒരു സുപ്രധാനനേട്ടം. അദ്ദേഹം അങ്ങനെ ജപ്പാനില്‍ ഏറ്റവുമധികകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായി.
അതിനുമുന്‍പ് ആ സ്ഥാനത്തുണ്ടായിരുന്ന സ്വന്തം വല്യമ്മാവന്‍ ഐസാക്കു സാട്ടോയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. നേരത്തെ പിടികൂടിയിരുന്ന ഉദരരോഗം വീണ്ടും ആക്രമിക്കാന്‍ തുടങ്ങിയിരുന്നില്ലെങ്കില്‍ ഇന്നും പ്രധാനമന്ത്രി ആബെതന്നെയാകുമായിരുന്നു.
പ്രത്യേകിച്ചും, ടോക്യോ ഒളിംപിക്സിന് ആതിഥ്യം വഹിക്കുകയെന്ന ബഹുമതിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് മഹാമാരി കാരണം അടുത്ത വര്‍ഷം ജൂലൈയിലേക്കു മാറ്റേണ്ടിവന്നു. അതുകാരണം കനത്ത സാമ്പത്തിക നഷ്ടവുമുണ്ടായി. അതിനിടയിലായിരുന്നു ഉദരരോഗത്തിന്‍റെ പുനരാക്രമണം.
ഈ രോഗം ആബെയുടെ രാഷ്ട്രീയ ജീവിതത്തെ അവതാളത്തിലാക്കുന്നത് ഇതാദ്യമല്ല. 2006ല്‍ ആദ്യമായി പ്രധാനമന്ത്രിയായപ്പോഴും അതൊരു പ്രശ്നമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന പേരായിരുന്നു അന്നു 52 വയസ്സായിരുന്ന ആബെയ്ക്ക്. ഒരു വര്‍ഷത്തിനു ശേഷം രാജിവയ്ക്കാന്‍ ഉദരരോഗവും ഒരു കാരണമായി.
ആബെയില്‍നിന്നു സുഗ ഏറ്റുവാങ്ങിയിരിക്കുന്നതു ഗുരുതരമായ പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന ഒരു രാജ്യത്തെയാണ്. ചില പ്രശ്നങ്ങള്‍ ആബെയുടെ കാലഘട്ടത്തിനു മുന്‍പ്തന്നെ നിലവിലുള്ളതുമാണ്. ഇവയെയെല്ലാം സുഗ എങ്ങനെ കൈകാര്യംചെയ്യുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
വര്‍ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യം, ചൈനയില്‍നിന്നും ഉത്തര കൊറിയയില്‍നിന്നുമുള്ള സുരക്ഷാ ഭീഷണി, കോവിഡ് മഹാമാരി, ജനനനിരക്കു കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയുംചെയ്യുന്ന അവസ്ഥ എന്നിവ ഈ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുന്നു.
അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാണ് ജപ്പാന്‍. പക്ഷേ, സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ചില വര്‍ഷങ്ങളായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
ആബെണോമിക്സ് എന്നറിയപ്പെടുന്ന ചില പരിഷ്ക്കാര നടപടികളിലൂടെ ഇതിനു പരിഹാരം കാണാന്‍ ആബെ ശ്രമിച്ചുവെങ്കിലും കാര്യമായി വിജയിച്ചില്ല. അതിനിടയിലാണ് കോവിഡ് വരികയും സ്ഥിതിഗതികള്‍ കൂടുതല്‍ അവതാളത്തിലാക്കുകയും ചെയ്തത്.
ജനനനിരക്കു കുറയുകയും പ്രായംചെന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നതും സാമ്പത്തിക രംഗത്തു കടുത്ത ഭാരം ഏല്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍ സാമ്പത്തിക രംഗത്തുണ്ടായ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണം.
ഇന്ന്, ലോകത്തുവച്ചേറ്റവും പ്രായംചെന്ന ജനതയാണ് ജപ്പാനിലേത്. ജനങ്ങളില്‍ നാലിലൊന്നു 65 വയസ്സിനു മുകളിലുള്ളവരാണ്. പത്തു വര്‍ഷം കഴിയുമ്പോള്‍ ഇവരുടെ എണ്ണം മൂന്നിലൊന്നാകും. 70 കഴിഞ്ഞവരുടെ എണ്ണം ജനസംഖ്യയുടെ അഞ്ചിലൊന്നാകുമെന്നും കണക്കുകള്‍ പറയുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്കു നികുതി ബാധ്യതകളില്ല. സാമ്പത്തിക രംഗത്ത് അവരുടെ സംഭാവനകള്‍ പ്രതീക്ഷിക്കാനുമാവില്ല. അതേസമയം അവരുടെ ക്ഷേമത്തിനുവേണ്ടി ഗവണ്‍മെന്‍റ് ധാരാളം പണം ചെലവാക്കേണ്ടിവരുന്നു.
ചെറുപ്പക്കാര്‍ കുടുംബാസൂത്രണം കര്‍ശനമായി പാലിക്കുകയോ വിവാഹം വൈകിക്കുകയോ വിവാഹം വേണ്ടെന്നു വയ്ക്കുകപോലുമോ ചെയ്യുന്നു. അതു കാരണം ജനനനിരക്കു കുറയുന്നതിനാല്‍ പല ജോലികള്‍ക്കും ആവശ്യമായത്ര ആളുകളെ കിട്ടാനില്ല. ജോലിക്കുവേണ്ടി വിദേശത്തുനിന്ന് ആളുകളെ കൊണ്ടുവരുന്നതു ജപ്പാന്‍കാര്‍ക്കു പൊതുവില്‍ ഇഷ്ടവുമല്ല.
ചൈനയില്‍നിന്നും ഉത്തര കൊറിയയില്‍നിന്നുമുള്ള ഭീഷണി ഒരു പുതിയ കാര്യമല്ല. അതിനെ ചെറുക്കാനായി കൊറിയന്‍ യുദ്ധകാലംതൊട്ടേ അമേരിക്കയുമായി ജപ്പാന്‍ സൈനിക സഖ്യത്തിലാണ്. അര ലക്ഷത്തിലേറെ യുഎസ് ഭടന്മാര്‍ ഇപ്പോഴും ജപ്പാനില്‍നില്‍ക്കുന്നുമുണ്ട്.
സമീപകാലത്തായി കിഴക്കന്‍ ചൈനാ കടലിലെ ചില ദ്വീപുകളുടെ കാര്യത്തില്‍ ജപ്പാനുമായി ചൈന തര്‍ക്കത്തിലാണ്. അവിടെ ജപ്പാന്‍റെ നിയന്ത്രണത്തിലുള്ള ചിലു കൊച്ചു ദ്വീപുകള്‍ തങ്ങളുടേതാണെന്നു ചൈന അവകാശപ്പെടുന്നു. ആ മേഖലയുടെ മറ്റൊരു ഭാഗത്തു കിടക്കുന്ന തെക്കന്‍ ചൈനാ കടലില്‍ ചൈന ഏകപക്ഷീയമായി നടത്തിവരുന്ന നീക്കങ്ങളും ജപ്പാന്‍കാരെ ആശങ്കാകുലരാക്കുന്നുണ്ട്.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം...
English Sumary : Yoshihide Suga elected Japan's new prime minister succeeding Shinzo Abe