തിരിച്ചെത്തുന്ന അമേരിക്ക
Mail This Article
"അമേരിക്ക തിരിച്ചെത്തി" എന്നാണ് നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ലോകത്തോടു വിളംബരം ചെയ്തിരിക്കുന്നത്. തന്‍റെ മുന്‍ഗാമിയുടെ നാലു വര്‍ഷത്തെ ഭരണത്തിനു മുന്‍പുള്ള അമേരിക്ക, അല്ലെങ്കില്‍ ഒരു പുതിയ അമേരിക്ക-ഇതാണ് ഈ വാക്കുകകളിലൂടെ അദ്ദേഹം നാട്ടിനുകത്തും പുറത്തുമുളളവര്‍ക്കും നല്‍കുന്ന വാഗ്ദാനം.
ഡോണള്‍ഡ് ട്രംപിന്‍റേതില്‍ നിന്നു ഭിന്നമായിരിക്കും തന്‍റെ ഭരണമെന്നു നേരത്തെതന്നെ ബൈഡന്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എത്രത്തോളം ഭിന്നമായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനുവേണ്ടി പലരും അദ്ദേഹം തന്‍റെ ക്യാബിനറ്റിലേക്കു തിരഞ്ഞെടുത്തവരിലേക്കു നോക്കുന്നു.
മിക്കവരും പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകൂടത്തില്‍ സേവനം ചെയ്തിരുന്നവരാണ്. ബൈഡന്‍ അതിലെ വൈസ്പ്രസിഡന്‍റായിരുന്നു. രണ്ടു തവണയായുള്ള എട്ടു വര്‍ഷത്തെ (2009-2017) ആ ഭരണത്തിന്‍റെ തുടര്‍ച്ചയായിരിക്കുമോ ബൈഡന്‍റെ ഭരണം എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
"ഒബാമയ്ക്കുവേണ്ടി ഒരു മൂന്നാമൂഴം സൃഷ്ടിക്കാന്‍ താങ്കള്‍ ശ്രമിക്കുകയാണെന്നു സംശയിക്കുന്നവരോട് എന്തുപറയും ?" എന്നായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച (നവംബര്‍ 23) ബൈഡനോട് ഒരു മാധ്യമ പ്രതിനിധിയുടെ ചോദ്യം.
"ഇത് ഒബാമയുടെ മൂന്നാമൂഴമല്ല. ഒബാമ-ബൈഡന്‍ ഭരണകാലത്തു ഞങ്ങള്‍ അഭിമുഖീകരിച്ചതില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒരു ലോകത്തെയാണ് ഞങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പ്രസിഡന്‍റ് ട്രംപ് എല്ലാം മാറ്റിമറിച്ചു." ഇങ്ങനെയായിരുന്നു ബൈഡന്‍റെ മറുപടി.
ട്രംപിന്‍റെ ഭരണത്തില്‍ അമേരിക്ക വഴിതെറ്റി നടക്കുകയായിരുന്നുവെന്നുവെന്നും ട്രംപ് എല്ലാം മാറ്റിമറിച്ചുവെന്നും കരുതന്ന ബൈഡന്‍ പല ആരോപണങ്ങളും ഉന്നയിക്കുണ്ട്. ലോകത്ത് അമേരിക്കയ്ക്ക് ഉണ്ടായിരുന്ന നായകസ്ഥാനം കളഞ്ഞുകുളിച്ചു, പരമ്പരാഗതമായി അമേരിക്കയുടെ കൂടെനിന്നിരുന്നവരെ വെറുപ്പിച്ചകറ്റി, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍പോലും സ്വന്തം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി എന്നിവ അവയില്‍ ചിലതു മാത്രം.
ഈ നിലപാടുകളുടെയെല്ലാം തിരസ്ക്കാരമാണ് ബൈഡന്‍റെ ഭരണത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നും വ്യക്തമായിവരുന്നു. തന്‍റെ നയപരിപാടികള്‍ നടപ്പാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തവരുടെ സേവന ചരിത്രം അതിനു സാക്ഷ്യം വഹിക്കുന്നു.
ഉദാഹരണമായി, കാലാവസ്ഥാ പ്രശ്നം കൈകാര്യം ചെയ്യാന്‍ പ്രസിഡന്‍റിന്‍റെ പ്രത്യേക ദൂതന്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുകയാണ് ബൈഡന്‍. മുന്‍ സ്റ്റേറ്റ് സ്ക്രെട്ടറി ജോണ്‍ കെറിയെ അതില്‍ നിയമിക്കുകയും അദ്ദേഹത്തിനു ദേശീയ സുരക്ഷാ സമിതിയില്‍ അംഗത്വം നല്‍കുകയും ചെയ്തു.
പുതിയ ക്യാബിനറ്റ് അംഗങ്ങളില്‍ അമേരിക്കയക്ക് അകത്തെന്നപോലെ പുറത്തും ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് എഴുപത്തിരണ്ടുകാരനായ കെറി. 28 വര്‍ഷം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്ററായിരുന്നു. 2004ല്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ളിയു. ബുഷിനെതിരെ മല്‍സരിച്ചുവെങ്കിലും തോറ്റു.
ഒബാമയുടെ രണ്ടാം ടേമിലാണ് കെറി അദ്ദേഹത്തിന്‍റെ സ്റ്റേറ്റ് സെക്രട്ടറിയായത്. ആ നിലയില്‍ ഇറാനുമായുള്ള 2015ലെ ആണവ കരാറും 2016ലെ ആഗോള കാലാവസ്ഥാ ഉടമ്പടിയും ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
അമേരിക്കയ്ക്കു ദോഷകരമാണെന്ന പേരില്‍ കാലാവസ്ഥാ ഉടമ്പടിയെ ട്രംപ് തള്ളിപ്പറയുകയാണ് ചെയ്തത്. അതില്‍നിന്ന് അമേരിക്ക പിന്‍മാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ചില്ലറ മാറ്റങ്ങളോടെയാണങ്കിലും അതിലേക്കു മടങ്ങാനുള്ള ബൈഡന്‍റെ ദൃഡനിശ്ചയമാണ് കെറിയുടെ പുതിയ നിയമനത്തില്‍ പ്രതിഫലിക്കുന്നത്.
ഇന്ത്യയിലെയും മറ്റും വിദേശകാര്യ മന്ത്രിക്കു തുല്യമായ പദവിയുള്ള സ്റ്റേറ്റ് സെക്രട്ടറിയുടെ സ്ഥാനത്തേക്കു ബൈഡന്‍ തിരഞ്ഞെടുത്തിട്ടുള്ളത് ആന്‍റണി (ടോണി) ബ്ളിങ്കനെയാണ്. 58 വയസ്സായ ഇദ്ദേഹം വാഷിങ്ടണിനു പുറത്തു പ്രശസ്തനല്ലെങ്കിലും രാജ്യാന്തര കാര്യങ്ങളില്‍ ഏറെ പരിചയസമ്പന്നനാണ്.
ഒബാമയുടെ ഗവണ്‍മെന്‍റില്‍ അവസാനത്തെ രണ്ടു വര്‍ഷം ബ്ളിങ്കന്‍ അദ്ദേഹത്തിന്‍റെ ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. ജോ ബൈഡന്‍ സെനറ്റിലെ വിദേശകാര്യ സമിതിയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ അദ്ദേഹത്തിന്‍റെ രാജ്യാന്തര കാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ബൈഡന്‍ വൈസ് പ്രസിഡന്‍റായപ്പോള്‍ അദ്ദേഹത്തിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി.മുന്‍പ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍റെ ദേശീയ സുരക്ഷാ സമിതിയിലും അംഗമായിരുന്നു.
പ്രസിഡന്‍റ് ട്രംപിന്‍റെ ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറിയായിറെക്സ് ടില്ലേഴ്സന്‍ നിയമിതനാകുമ്പോള്‍ അദ്ദേഹത്തിന് ഇതുപോലുള്ള നയതന്ത്ര പശ്ചാത്തലം ഉണ്ടായിരുന്നില്ല.പ്രമുഖ എണ്ണക്കമ്പനിയായ എക്സോണ്‍ മൊബീലിന്‍റെ തലവനായിരുന്നു. ആ നിലയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിനുമായി അടുപ്പത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയുണ്ടായി. മുഖ്യമായും അക്കാരണത്താലാണ് അദ്ദേഹത്തെ ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയാക്കിയതെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ട്രംപുമായുള്ള ടില്ലേഴ്സന്‍റെ അഭിപ്രായ സംഘട്ടനങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷത്തിനകം അദ്ദേഹത്തിന്‍റെ പിരിച്ചുവിടലിലാണ് കലാശിച്ചത്. ചാരവിഭാഗമായ സിഐഎയുടെ തലവനായിരുന്ന മൈക്ക് പോംപയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറിയായത് അതിനുശേഷമാണ്.
അമേരിക്കയുടെ വിദേശനയ രൂപീകരണത്തിലും അതിന്‍റെ നടത്തിപ്പിലും നിര്‍ണായക പങ്കു വഹിക്കുന്ന മറ്റു രണ്ട് ഉദ്യോഗസ്ഥരാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും (എന്‍എസ്എ) ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡറും. ഈ തസ്തികകളിലും ഇപ്പോള്‍ നിയമിതരായിരിക്കുന്നത് ഒബാമയുടെ ഗവണ്‍മെന്‍റില്‍ സേവനം ചെയ്തിരുന്ന നയതന്ത്ര വിദഗ്ദ്ധരാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ എന്‍എസ്എയാവുകയാണ് നാല്‍പത്തിമൂന്നുകാരനായ ജെയ്ക്ക് സള്ളിവന്‍. ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യമായ പങ്കു വഹിച്ചവരില്‍ ഒരാളായിരുന്നു. വൈസ് പ്രസിഡന്‍റ് ബൈഡന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുകയുണ്ടായി.
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസ്സഡര്‍ പദവിയിലേക്കു ബൈഡന്‍ കണ്ടെത്തിയ ലിന്‍ഡ തോമസ് ഗ്രീന്‍ ഫീല്‍ഡ് (68) നയതന്ത്രരംഗത്തു നേരത്തെതന്നെ കഴിവു തെളിയിച്ച് ഒരു വനിതയാണ്. കറുത്ത വര്‍ഗക്കാരിയായ ഇവര്‍ ഒബാമയുടെ ഭരണത്തില്‍ ആദ്യം ലൈബീരിയയിലെ അംബാസ്സഡറും പിന്നീട് ആഫ്രിക്കന്‍ കാര്യങ്ങള്‍ക്കുള്ള സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറിയുമായിരുന്നു.
ഭരണഘടനയില്‍ പറയുന്നതുപോലെ ജനുവരി 20നു പ്രസിഡന്‍റായി സ്ഥാനമേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബൈഡന്‍. അതിന്‍റെ ഭാഗമാണ് ക്യാബിനെറ്റിലേക്കുള്ള നിയമനങ്ങള്‍. ബൈഡന്‍റെ തിരഞ്ഞെടുപ്പ് സാധുവല്ലെന്നു തെളിയിക്കാന്‍ ട്രംപ് നടത്തിവരുന്ന ശ്രമങ്ങള്‍ ഇതിനിടയില്‍ ഒന്നൊന്നായി പൊളിഞ്ഞുകൊണ്ടിരിക്കുന്നു. എങ്കിലും ട്രംപ് ഇതുവരെ തോല്‍വി സമ്മതിച്ചിട്ടുമില്ല.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
English Summary : Vidhesharangom : Transition Highlights President-Elect Joe Biden announces cabinet picks