ആ യുദ്ധം 110 വര്‍ഷം മുന്‍പ്

HIGHLIGHTS
  • ലോകത്തെ മുഴുവന്‍ ബാധിച്ച മഹാദുരന്തം
  • അപ്രത്യക്ഷമായത് നാലു സാമ്രാജ്യങ്ങള്‍
World War I
This undated file photo taken during World War I shows the US Army Battery A, of the 15th US Field Artillery crossing Rhine River in Germany. AFP PHOTO/HO (Photo by HO / US ARMY / AFP)
SHARE

ബ്രിട്ടീഷ് സാഹിത്യകാരനും ചരിത്രകാരനുമായിരുന്ന എച്ച്. ജി. വെല്‍സിന്‍റെ അഭിപ്രായത്തില്‍ 'എല്ലാ യുദ്ധങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന യുദ്ധ'മായിരുന്നു അത്-110 വര്‍ഷം മുന്‍പ് ഈ ദിനങ്ങളില്‍ നടക്കാന്‍ തുടങ്ങിയതും നാലു വര്‍ഷം നീണ്ടുനിന്നതുമായ ഒന്നാം ലോകമഹായുദ്ധം. 

ലോകം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത അത്രയും ഭീകരവും വ്യാപകവും വിനാശകരവുമായിരുന്നു ആ യുദ്ധം. അത്തരമൊരു മഹാദുരന്തത്തിനു കാരണക്കാരാകാന്‍ ഇനിയാരും ധൈര്യപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു പിന്നീട് പൊതുവില്‍ എല്ലാവരും. വെല്‍സിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചതും ആ വിശ്വാസമായിരുന്നു. 

പക്ഷേ, രണ്ടു ദശകങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ വിശ്വാസത്തെ അപ്പാടെ തല്ലിത്തകര്‍ക്കുന്ന വിധത്തില്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടെയായിരുന്നു 1914-1918ലെ യുദ്ധം ഒന്നാം ലോകമഹായുദ്ധമായും പുതിയ യുദ്ധം രണ്ടാം ലോകമഹായുദ്ധമായും അറിപ്പെടാന്‍ തുടങ്ങിയത്.  

രാജ്യങ്ങള്‍ തമ്മിലുളള ഉരസലുകളും ഏറ്റുമുട്ടലുകളും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ യൂറോപ്പില്‍ അപൂര്‍മായിരുന്നില്ല. പരസ്പരം മല്ലിടാനുളള ഒരുക്കങ്ങളുടെ ഭാഗമായി രാജ്യങ്ങള്‍ പലവിധ സഖ്യങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു. 

ഒരു രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ സഖ്യരാജ്യങ്ങള്‍ ഒപ്പമുണ്ടാവുമെന്ന ധൈര്യത്തിലായിരുന്നു എല്ലാവരും. സംയമനത്തിന് ആഹ്വാനം ചെയ്യാനും ഒത്തുതീര്‍പ്പിനു ശ്രമിക്കാനും യുഎന്‍ പോലുളള സംവിധാനമൊന്നും നിലവിലുണ്ടായിരുന്നില്ല. 

Belgium World War One Centenary Timeline

ആ സാഹചര്യത്തിലാണ് 110 വര്‍ഷങ്ങള്‍ക്കുമുന്‍പ് ജൂണ്‍ 28നു ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിലെ കിരീടാവകാശിയായ രാജകുമാരന്‍ ഫ്രാന്‍സ് ഫെര്‍ഡിനന്‍റിനെ ഒരാള്‍ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് വെടിവച്ചു കൊന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ മൂര്‍ഛിച്ചകൊണ്ടിരിക്കേ ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു ജൂലൈ 28ന് ഒന്നാം ലോകമഹായുദ്ധത്തിന്‍റെ തുടക്കം.

തെക്കു പടിഞ്ഞാറന്‍ യൂറോപ്പില്‍ ബോസ്നിയ-ഹെര്‍സഗോവിനയുടെ തലസ്ഥാനമായ സരയേവോവില്‍ ഒരു തുറന്ന കാറില്‍ മറ്റനേകം കാറുകളുടെ അകമ്പടിയോടെ പത്നീസമേതം സഞ്ചരിക്കുകയായിരുന്നു രാജകുമാരന്‍. പത്നി സോഫിയും വെടിയേറ്റുമരിച്ചു. 

അയല്‍രാജ്യമായ സെര്‍ബിയയിലെ ഗാവ്റിലോ പ്രിന്‍സ്പ് എന്ന യുവാവായിരുന്നു ഘാതുകന്‍. സെര്‍ബിയയുടെയും ബോസ്നിയ ഹെര്‍സിഗോവിനയുടെയും ചില ഭാഗങ്ങള്‍ ഓസ്ര്ട്രോ-ഹംഗറി വെട്ടിപ്പിടിച്ചതില്‍ രോഷംകൊളളുന്ന സെര്‍ബിയന്‍ ദേശീയവാദികളില്‍ ഒരാളായിരുന്നു അയാള്‍. രാജകുമാരന്‍റെ മരണത്തിന് ഓസ്ട്രിയ-ഹംഗറി സെര്‍ബിയയെ കുറ്റപ്പെടുത്തുകയും പകരംവീട്ടാനായി സെര്‍ബിയയെ ആക്രമിക്കുകയും ചെയ്തു.

ഈ രണ്ടു ചെറിയ രാജ്യങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണ് മഹായുദ്ധമായി വളര്‍ന്നത്. അതിനൊരു കാരണം സൈനിക സഖ്യങ്ങളുടെ വിളയാട്ടമായിരുന്നു. റഷ്യയിലെ സാര്‍ (ചക്രവര്‍ത്തി) നിക്കൊളാസ് രണ്ടാമന്‍ സെര്‍ബിയയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ജര്‍മനിയിലെ കൈസര്‍ (ചക്രവര്‍ത്തി) വില്യം രണ്ടാമന്‍ ഓസ്ട്രോ-ഹംഗറിയുടെ പക്ഷം ചേര്‍ന്നു. 

അതിനിടയില്‍ ബെല്‍ജിയത്തെയും ലക്സംബര്‍ഗിനെയും അവര്‍ ആക്രമിച്ചു. ഫ്രാന്‍സിനെതിരെയും ജര്‍മനി തിരിഞ്ഞതോടെ ഫ്രാന്‍സിനെ സഹായിക്കാന്‍ ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.  

ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമായി പരന്നുകിടന്നിരുന്ന ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അക്കാലത്തെ ഏറ്റവും വലിയ  സാമ്രാജ്യമായിരുന്നു.  അവര്‍ ഓസ്ട്രോ-ഹംഗറിക്കും ജര്‍മനിക്കും പിന്തുണ നല്‍കി. അതോടെ യുദ്ധം യൂറോപ്പില്‍നിന്നു പശ്ചിമേഷ്യയിലേക്കും ഉത്തരാഫ്രിക്കയിലേക്കും പടര്‍ന്നുപിടിച്ചു. ജപ്പാന്‍റെ രംഗപ്രവേശനത്തോടെ ഏഷ്യയുടെ മറ്റു ചില ഭാഗങ്ങളിലുമെത്തി. 

ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുടെ ആഫ്രിക്കന്‍ കോളണികള്‍ക്കെതിരെ തിരിഞ്ഞു. ആദ്യഘട്ടത്തില്‍ അമേരിക്ക യുദ്ധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. എങ്കിലും ബ്രിട്ടനും ഫ്രാന്‍സും മറ്റും ഉള്‍പ്പെടുന്ന സഖ്യശക്തികളെ സഹായിക്കാന്‍ 1917ല്‍ അമേരിക്കയും രംഗത്തിറങ്ങി. യൂറോപ്പില്‍ ചെറിയതോതില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം അങ്ങനെ എല്ലാ അര്‍ഥത്തിലും ലോകമഹായുദ്ധമായി മാറി. 135 രാജ്യങ്ങള്‍ അതില്‍ പങ്കാളികളായി.

World War One Centenary Timeline

ഇന്ത്യ ഉള്‍പ്പെടെയുളള ബ്രിട്ടീഷ് കോളണികളും അതില്‍പ്പെട്ടു. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും നടന്ന പോരാട്ടങ്ങളില്‍ 13 ലക്ഷം ഇന്ത്യന്‍ പട്ടാളക്കാര്‍ പങ്കെടുക്കുകയും മുക്കാല്‍ ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. നാലു വര്‍ഷത്തിനും മൂന്നു മാസത്തിനും രണ്ടാഴ്ചയക്കുമിടയില്‍ ലോകമൊട്ടുക്കുമായി സൈനികരും സാധാരണ ജനങ്ങളും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം ഒരു കോടിയിലേറെ. 

1918 നവംബര്‍ 11നു യുദ്ധം അവസാനിച്ചശേഷം ലോകഭൂപടം മാറ്റിവരയ്ക്കപ്പെട്ടു. പ്രശസ്തമായിരുന്ന നാലു സാമ്രാജ്യങ്ങള്‍ അപ്രത്യക്ഷമായി. ജര്‍മന്‍ കൈസറും ഓട്ടോമന്‍ തുര്‍ക്കി സുല്‍ത്താനും ഓസ്ട്രോ-ഹംഗറി ചക്രവര്‍ത്തിയും റഷ്യന്‍ സാറും ചരിത്ര പുസ്തകങ്ങളിലെ പേരുകള്‍ മാത്രമായി. റഷ്യയിലെ റോമനോവ് രാജവംശത്തിന്‍റെ മൂന്നു നൂറ്റാണ്ടു കാലത്തെ ഭരണം അവസാനിച്ചത് ഈ യുദ്ധത്തിനിടയില്‍ തന്നെയുണ്ടായ ബോള്‍ഷെവിക് വിപ്ളവത്തെ തുടര്‍ന്നായിരുന്നു.  

ആഗോള ഭൂപടത്തില്‍ അനേകം പുതിയ രാജ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ ഓട്ടോമന്‍ സാമ്രാജ്യം വെട്ടിമുറിച്ചു പുതിയ രാജ്യങ്ങള്‍ക്കു രൂപംനല്‍കിയത് പില്‍ക്കാലത്തു നിരന്തരമായ സംഘര്‍ഷത്തിനും ചോരച്ചൊലിച്ചലിനും കാരണമായിത്തീര്‍ന്നു. പലസ്തീനും ഇറാഖും സിറിയയും ലെബനനും ഇപ്പോഴും അതിനു സാക്ഷ്യം വഹിക്കുന്നു. 

യൂറോപ്പില്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട അതേ ബാല്‍ക്കന്‍ മേഖലയില്‍ യൂഗൊസ്ളാവിയ എന്ന പേരില്‍ പുതിയൊരു രാജ്യം രൂപംകൊണ്ടു. ബോസ്നിയ ഹെര്‍സഗോവിനയും സെര്‍ബിയയും മറ്റും അതിന്‍റെ ഭാഗങ്ങളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ (1939-1945) അത് അതിജീവിച്ചുവെങ്കിലും പിന്നീടു വര്‍ഷങ്ങള്‍ക്കു ശേഷം തകര്‍ന്നു. ആ പ്രദേശം വീണ്ടും യുദ്ധക്കളമായി. 

ഒന്നാം ലോകമഹായുദ്ധം അവസാനിച്ച് 21 വര്‍ഷമായപ്പോഴാണ് യൂറോപ്പില്‍തന്നെ രണ്ടാം ലോകമഹായുദ്ധവും പൊട്ടിപ്പുറപ്പെട്ടത്. അതും ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിച്ചു. പട്ടാളക്കാരും സാധാരണ ജനങ്ങളും ഉള്‍പ്പെടെ ആറു കോടിയില്‍പ്പരമാളുകള്‍ മരിച്ചു. 

ആ യുദ്ധത്തിനുളള വിത്ത് ആദ്യത്തെ യുദ്ധത്തിന്‍റെ അവസാനംതന്നെ പാകിയിരുന്നുവെന്നു കരുതുന്നവരുണ്ട്. 1919ല്‍ ഫ്രാന്‍സിലെ വെര്‍സെയില്‍സില്‍ യുദ്ധജേതാക്കളുമായി ജര്‍മനി ഒപ്പുവച്ച ഉടമ്പടിയിലെ നിബന്ധനകള്‍ ആ വിധത്തിലുള്ളതായിരുന്നു. 

യുദ്ധത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമായി ജര്‍മനി ഏറ്റെടുക്കേണ്ടിവന്നു. ജര്‍മന്‍ കോളണികള്‍ ജേതാക്കള്‍ വീതിച്ചെടുത്തു. സൈനിക കാര്യങ്ങളില്‍ ജര്‍മനിക്കു കര്‍ശനമായ നിര്‍ബന്ധനകള്‍ക്കു വഴങ്ങുകയല്ലാതെ നിവൃത്തിയില്ലാതായി. യുദ്ധത്തില്‍ ജയിച്ച രാജ്യങ്ങള്‍ക്കു നഷ്ടപരിഹാരവും നല്‍കേണ്ടിവന്നു. 

ജര്‍മന്‍കാര്‍ പൊതുവില്‍ അസ്വസ്ഥരും അപമാനിതരുമായി. അതില്‍നിന്നു മുതലെടുത്തുകൊണ്ടായിരുന്നു അവരുടെ നായകസ്ഥാനത്തേക്കുളള അഡോള്‍ഫ് ഹിറ്റ്ലറുടെ ഉയര്‍ച്ച. ജര്‍മനിയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഹിറ്റ്ലര്‍ വെമ്പല്‍കൊളളുകയും ചെയ്തു. അയല്‍രാജ്യമായ പോളണ്ടിനെ 1939 സെപ്റ്റംബര്‍ 11 ന് ജര്‍മനി ആക്രമിച്ചു. അങ്ങനെയായിരുന്നു രണ്ടാം  ലോകമഹായുദ്ധത്തിന്‍റെ തുടക്കം. അതു മറ്റൊരു കഥയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS