ADVERTISEMENT

ചെരിപ്പില്ലാതെ ജനിച്ചവരെല്ലാം ചെരിപ്പിടാൻ തുടങ്ങിയത് എന്നുമുതൽക്കാണ്? (ഇന്നത്തെ ശിശുക്കളെ കണ്ടാൽ അവർ ജനിച്ചതുതന്നെ ഷൂസുമായാണോ എന്നു തോന്നിപ്പോകുമെങ്കിലും.)

 

ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951ൽ ഡൽഹിയിൽ നടക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങൾ നഗ്നപാദരായാണു കളിച്ചതെന്ന് ഇന്നു വിശ്വസിക്കാൻ കഴിയുമോ? ബൂട്ടിട്ടു കളിച്ച ഇറാൻ ടീമംഗങ്ങളുടെ ചവിട്ടും തൊഴിയുമൊക്കെ സഹിച്ചാണ് ഇന്ത്യ അന്നു ഫൈനൽ ജയിച്ച് സ്വർണം നേടിയത്. 1952ലെ ഒളിംപിക്സിൽ ബൂട്ടിടാതെ കളിച്ച് 1–10നു തോറ്റ ശേഷമാണ് ഇന്ത്യ ഫുട്ബോളിൽ ബൂട്ടു നിർബന്ധമാക്കിയത് (1948 ഒളിംപിക്സിൽ കണ്ണുകിട്ടാതിരിക്കാനെന്നവണ്ണം ഇന്ത്യൻ ടീമിൽ ഒരാൾ മാത്രം ബൂട്ടിട്ടു കളിച്ചിരുന്നു). 1952ലെ സന്തോഷ് ട്രോഫി ദേശീയ ടൂർണമെന്റ് മുതൽ ബൂട്ടിട്ടാണു കളി.

 

കേരളത്തിൽ പണ്ടു ബഹുഭൂരിപക്ഷവും ചെരിപ്പില്ലാത്തവരായിരുന്നു. 1950 കളുടെ രണ്ടാം പകുതിയിലുണ്ടായ ഒരു ചെരിപ്പു വിപ്ലവമാണ് അതിനു മാറ്റം വരുത്തിയത്. അന്നു റബ്ബർ ചപ്പലുകൾ വിപണി കീഴടക്കിയതോടെ കേരളത്തിലെ സാധാരണക്കാരെല്ലാം ചെരിപ്പിടുന്നവരായി.

 

കേരളത്തിൽ ടെലിവിഷൻ ഇല്ലാതിരുന്ന, റേഡിയോയിൽ പരസ്യം വരാത്ത, അക്കാലത്തു പത്രങ്ങളുടെ ഒന്നാം പേജിൽ പോലും പരസ്യം ചെയ്താണു വലിയ കമ്പനികൾ ഇവിടെ ഹവായ് ചപ്പൽ കൊണ്ടുമറിച്ചത്. കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാർക്കറ്റിങ് വിജയങ്ങളിലൊന്നായി ഈ ചപ്പൽ. ഒടുവിൽ മിക്ക പഞ്ചായത്തിലുമുണ്ടായി ഹവായി ചെരിപ്പു നിർമാണശാലകൾ. സാധാരണക്കാർക്കു താങ്ങാവുന്നതായിരുന്നു വില.

 

ബാത് റൂം ചപ്പൽസായി അറിയപ്പെട്ടിരുന്ന ഈ റബർ വള്ളിച്ചെരിപ്പുകൾ കുളിമുറിയിൽ നിന്ന് ഇറങ്ങി പെരുവഴി താണ്ടിത്തുടങ്ങിയതു കേരളത്തിലാണ്. ഇത്തരം ഹവായ് ചപ്പലുകളുമായി സെക്രട്ടേറിയറ്റിലെത്തിയ മന്ത്രിമാരിൽ ഇപ്പോഴത്തെ കൃഷിമന്ത്രി പി. പ്രസാദുമുണ്ട്.  

 

ബംഗാളിൽ മുഖ്യമന്ത്രിയാവുമ്പോൾ മമത ബാനർജിയുടെ ഇഷ്ടപ്പെട്ട പാദരക്ഷ ഈ റബർ ചപ്പലായിരുന്നു. 

 

നഗ്നപാദനായി ലോകം മുഴുവൻ അറിയപ്പെട്ട, നഗനപാദനെന്നതിന്റെ പേരിൽ ഇന്ത്യയിലെ ഒരു പ്രശസ്ത ക്ലബ്ബിൽ പ്രവേശനം നിഷേധിക്കപ്പെട്ട, വിശ്രുത ചിത്രകാരൻ എം.എഫ്. ഹുസൈൻ പണ്ട് ഷൂ ധരിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായിരുന്ന നട്‌വർ സിങ് പറയുന്നു. 1963ൽ ഹുസൈന്റെ പ്രദർശനം നട്‌വർ ന്യൂയോർക്കിൽ ഏർപ്പാടു ചെയ്തപ്പോഴും 1968ൽ ഇന്ദിരാഗാന്ധിയുടെ ഛായാപടം ചെയ്യാൻ ഡൽഹിയിൽ നട്‌വർ കൂട്ടിക്കൊണ്ടുപോയപ്പോഴുമെല്ലാം ഹുസൈൻ ഷൂ ധരിക്കുന്നയാളായിരുന്നു.

 

ഐഎസ്ആർഒ ചെയർമാൻ വരെ ഉയർന്ന പ്രഫ. യു.ആർ. റാവു ഉഡുപ്പിയിലെ കാർഷിക ഗ്രാമത്തിൽ നിന്ന് ആന്ധ്രയിലെ അനന്തപൂരിൽ ഡിഗ്രിവരെ പഠിച്ചതു ചെരിപ്പിടാതെയാണ്. ബനാറസ് ഹിന്ദു സർവകലാശാലയിൽ എംഎസ്‌സിക്കു ചേരുമ്പോഴാണു ജീവിതത്തിലാദ്യമായി ചെരിപ്പിടുന്നത്. 

 

ഇഎംഎസ് ഭരണത്തിൽ വരുന്നതിനൊക്കെ വളരെ മുൻപു ഡൽഹി സന്ദർശിക്കുമ്പോൾ ചെരിപ്പിടാത്തയാളായിരുന്നു.

 

കേരളത്തിൽ ആദ്യത്തെ നിയമസഭ മുതൽ ആറുതവണ എംഎൽഎയും മൂന്നു തവണ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായർ 1957ൽ നിയമസഭാംഗമായി ഏറെനാൾ കഴിഞ്ഞാണ് ചെരിപ്പിടാൻ തുടങ്ങിയത്. “എന്റെ കണ്ണിന് ഒരു വേദന വന്നു. കണ്ണാശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ ചോദിച്ചു, ചെരിപ്പിടാറില്ലേ എന്ന്. ഇല്ല എന്നു ഞാൻ പറഞ്ഞപ്പോൾ എങ്കിൽ മറ്റു ചികിത്സയൊന്നും വേണ്ട, ചെരിപ്പിട്ടാൽ മതി എന്നായിരുന്നു ഡോക്ടറുടെ മറുപടി’’.

 

പറവൂർ ടി.കെ. നാരായണ പിള്ള ചെരിപ്പിടാൻ നിർബന്ധിതനായതു തിരു–കൊച്ചി മുഖ്യമന്ത്രിയായപ്പോഴാണ്. 

 

ഇന്നത്തെ കേന്ദ്രമന്ത്രിയും ബിജെപിയുടെ കേരളത്തിലെ മുൻ അധ്യക്ഷനുമായ വി. മുരളീധരൻ സർക്കാരുദ്യോഗസ്ഥനായിരുന്നപ്പോഴും രാഷ്ട്രീയത്തിൽ സജീവമായി തുടങ്ങിയപ്പൊഴും ചെരിപ്പിടാത്തയാളായിരുന്നു.

 

എംഎൽഎ മാരായിരുന്ന കെ.എ. ചന്ദ്രനും (കൊല്ലങ്കോട്), സി.കെ. ശശീന്ദ്രനും (കൽപറ്റ) ചെരിപ്പ് ഇടാറേയില്ലായിരുന്നു.

 

യു–2 ചാരവിമാനം വെടിവച്ചിട്ടതടക്കം പലകാര്യങ്ങളിൽ അമേരിക്കയോടുള്ള പരിഭവവുമായി 1960ൽ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തെത്തിയ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ക്രൂഷ്ചേവ് പ്രസംഗത്തിനിടെ ഷൂ ഊരി പ്രസംഗപീഠത്തിൽ അടിച്ചു ശബ്ദമുണ്ടാക്കിയെങ്കിൽ പത്രലേഖകർ ചെരിപ്പ് പ്രതിഷേധായുധമാക്കിയതു 2008ൽ ആണ്. ഇറാഖ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ജൂനിയർ പത്രസമ്മേളനം നടത്തുകയായിരുന്നു. അൽസെയിദി എന്ന പത്രലേഖകൻ തന്റെ ഷൂ ഊരി ഒരേറ്! അംഗരക്ഷകരുണ്ടായിരുന്നതുകൊണ്ട് പ്രസിഡ‍ന്റ് രക്ഷപ്പെട്ടു.

 

പിന്നീട് ഒരു ദിവസം ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്ന ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെ ചെരിപ്പെറിഞ്ഞത് ജർണയിൽ സിങ് എന്ന പത്രപ്രവർത്തകനാണ്.

 

അൽസെയിദി എന്ന പത്രപ്രവർത്തകന്റെ കഥ ആ ഷൂ എറിയലിൽ അവസാനിച്ചില്ല. ഒരു രാഷ്ട്രത്തലവനെ ആക്രമിച്ചതിന് ഇറാഖ് കോടതി അയാളെ മൂന്നു വർഷം തടവിനു ശിക്ഷിച്ചു. ശിക്ഷ ഒരു വർഷമായി കുറവു ചെയ്തപ്പോൾ ജയിൽ വിട്ട അൽസെയിദി ഇറാഖിൽ യുദ്ധക്കെടുതികളനുഭവിക്കുന്നവരുടെ അവകാശപ്പോരാളിയായി. അതേപ്പറ്റി പാരിസിലെ പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ അൽസെയിദിക്കും കിട്ടി ഷൂ കൊണ്ട് ഒരേറ്. എറിഞ്ഞത് ഇറാഖി പത്രപ്രവർത്തകൻ തന്നെ.

 

English Summary: English Summary: ‘Kadhakoottu’ Column written by Thomas Jacob, Interesting stories on footwear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com