പുറംചട്ട
Mail This Article
കേരളത്തിൽ സകലമാന കലകൾക്കും ഒരു പൊലിമ ഉണ്ടായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകൾക്കു ശേഷമാണ്. അറുപതുകളുടെ ഈ ഊർജം പുസ്തക പ്രസാധനരംഗത്തെയും ഉണർത്തിവിട്ടു.
പുസ്തകത്തിനു വിറ്റുപോകുന്ന ഒരു പേരും കവർപേജും വേണമെന്നു മലയാളത്തിൽ നിഷ്ഠ വന്നതു സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നല്ലകാലത്തു ഡി.സി. കിഴക്കെമുറി, സി ജെ. തോമസ്, ജേക്കബ് ഫിലിപ്പ് എന്നീ ത്രിമൂർത്തികളുടെ സർഗാത്മകത മൂലമാണ്. അൽപം കട്ടിയുള്ള കടലാസിൽ പ്രസിലെ അക്ഷരങ്ങൾ ഉപയോഗിച്ചു പുസ്തകത്തിന്റെ പേര് അച്ചടിക്കുന്നതാണു കവർ എന്നതായിരുന്നു അതുവരെയുള്ള സങ്കൽപം. ആയിടയ്ക്കു തൃശൂരിലെ മംഗളോദയം പ്രസാധകശാല അവരുടെ പുസ്തകങ്ങൾക്കു ചുവന്ന ബോർഡറിട്ടപ്പോൾ അതൊരു പുതുമയായി. ഏതു പുസ്തകവിൽപന കടയിലും മംഗളോദയത്തിന്റെ പുസ്തകങ്ങൾ കണ്ടുപിടിക്കുക എളുപ്പവുമായി.
വർണങ്ങൾ ഉദാരമായി നൽകി പുസ്തക കവറുകളുടെ ചരിത്രം മാറ്റിയെഴുതിയതു വിൽപന തന്ത്രങ്ങൾ സ്വന്തം ജീൻസിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിക്കാരൻ ഡിസിയും കൂത്താട്ടുകുളത്തുനിന്നുള്ള സുഹൃത്തുക്കളായ എഴുത്തുകാരൻ സി.ജെ. തോമസും വിശ്രുത ഫൊട്ടോഗ്രഫർ ജേക്കബ് ഫിലിപ്പുംകൂടി ഒന്നിച്ചപ്പോഴാണ്. വരയ്ക്കാനറിയാവുന്ന സിജെ തന്നെയാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നാഷനൽ ബുക്ക് സ്റ്റാളിനുവേണ്ടി എൻബിഎസ് എന്നീ അക്ഷരങ്ങൾകൊണ്ട് ജീവനുള്ള ഒരു അരയന്നത്തിന്റെ ലോഗോ ഉണ്ടാക്കിയത്. എൻബിഎസിന്റെ പഴയകാല പുസ്തകങ്ങൾ നോക്കിയാൽ ജീവനുള്ള ആ ലോഗോ കാണാം. ഇന്നത്തെ എൻബിഎസ് പുസ്തകങ്ങളിൽ കാണുന്നത് മറ്റേതോ ആർട്ടിസ്റ്റ് സി ജെ വരച്ചതു നോക്കി പകർത്തിയപ്പോൾ ജീവൻപോയ അരയന്നത്തെയാണ്.
അക്ഷരങ്ങളുടെ രൂപകൽപനയിൽ അദ്ഭുതങ്ങൾ കാട്ടി സിജെ നൂറോളം കവറുകൾ വരച്ചു. അവർ കടന്നുപോവുമ്പോഴേക്കു കൊല്ലത്ത് തമ്പടിച്ചിരുന്ന തിരുവനന്തപുരത്തുകാരൻ ആർട്ടിസ്റ്റ് ശങ്കരൻകുട്ടി കോട്ടയത്തെത്തി. പിന്നീട് ഒരു പതിനഞ്ചു കൊല്ലംകൊണ്ട് പതിനായിരത്തിലേറെ കവറുകൾ ചെയ്ത ശ.കു.വിന്റെ റെക്കോർഡ് ഇന്നും ഭേദിക്കപ്പെടാതെ കിടക്കുന്നു. വരയൊന്നും അങ്ങനെ ഔപചാരികമായി പഠിക്കാതെതന്നെ കാരിക്കേച്ചറിങ്ങിലും കാർട്ടൂണിങ്ങിലും കൃതഹസ്തത തെളിയിച്ച ശ.കു.വിന്റെ ബലഹീനത അക്ഷരമെഴുതുന്നതിലായിരുന്നു. അതുകൊണ്ട് കവറിലെ അക്ഷരങ്ങളുടെ എണ്ണം കുറയ്ക്കുകയെന്നതിലായിരുന്നു ശ.കു. ശ്രദ്ധവച്ചത്. പുസ്തകത്തിന്റെ പേര് ചുരുക്കാൻ വയ്യല്ലോ. അതുകൊണ്ടു രചയിതാക്കളുടെ പേരു ചെറുതാക്കിയെടുത്തു, ശ.കു. മഹാകവി ജി. ശങ്കരക്കുറുപ്പിനെ ആദ്യമായി ജി എന്ന അക്ഷരത്തിൽ ഒതുക്കിയതും മഹാകവി പി. കുഞ്ഞിരാമൻ നായരെ പി എന്ന ഏകാക്ഷരിയാക്കിയതും തകഴി ശിവശങ്കരപ്പിള്ളയെ തകഴിയാക്കിയതും ശ.കു. ആണ്.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിനു ശേഷം കവറുകൾക്കു ചാരുതയണിയിച്ചതു ഡിസി കിഴക്കെമുറി ആരംഭിച്ച ഡിസി ബുക്സും തൃശൂരിൽ ‘കറന്റ്’ തോമസും ഗ്രീൻബുക്സിലെ കൃഷ്ണദാസും കോഴിക്കോട്ട് ഷെൽവിയുമാണ്. പിന്നെ ഇപ്പോൾ ചിത്രകാരൻ സൈനുൽ ആബിദും. ജീവിതം സ്വയം അവസാനിപ്പിക്കുന്നതിനു മുൻപുള്ള കുറഞ്ഞോരു കാലം ഷെൽവി പുറത്തിറക്കുന്ന ഓരോ പുസ്തകത്തിന്റെയും ദൃശ്യവിസ്മയത്തിനു വേണ്ടി വായനക്കാർ കാത്തുനിന്നു.
ദേശവ്യാപകമായിത്തന്നെ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ മലയാള പുസ്തകപ്പുറം ചട്ട ഒ.വി. വിജയന്റെ ‘തലമുറകൾ’ എന്ന നോവലിന്റേതായിരുന്നു(1997).
നോവലിന്റെ ഒന്നാം പതിപ്പിലെ രണ്ടായിരം കോപ്പികൾക്ക് രണ്ടായിരം വ്യത്യസ്ത കവറുകൾ എന്ന ആശയമാണ് ഡിസിയുടെ ആലോചനാ സംഘത്തിന്റെ തലയിൽ മിന്നിയത്. കാസർകോട് മാങ്ങാടിനടുത്ത ബാര സ്വദേശിയായ ബാര ഭാസ്കരനെന്ന ആർട്ടിസ്റ്റ് ഡൽഹിയിൽനിന്നു കോട്ടയത്തു വന്നപ്പോൾ അവർ കലക്ടറേറ്റിനടുത്തുള്ള നെല്ലിമൂട്ടിൽ ഗെസ്റ്റ് ഹൗസിലെ ഒരു മുറിയിൽ പാർപ്പിച്ചു. കവറിന്റെ സൈസിൽ മുറിച്ചെടുത്ത് തലമുറകൾ എന്നും ഒ.വി. വിജയൻ എന്നും മാത്രമല്ല, ഡിസിബി ലോഗോയും അച്ചടിച്ച് രണ്ടായിരത്തിൽപരം കവറുകൾ ഏൽപിച്ചു പറഞ്ഞു, ഇതിലോരോന്നിലും വ്യത്യസ്തമായ രേഖാചിത്രങ്ങൾ വരച്ചു കൃത്യം രണ്ടാഴ്ചയ്ക്കകം തരണം. ഭാസ്കരൻ പതിനാലിനു പകരം എട്ടു ദിവസംകൊണ്ടു സംഗതി വരച്ചേൽപിച്ചു.
ഡിസി ബുക്സിന്റെ ആശയത്തിനു വ്യാപകമായ ജനപിന്തുണ ലഭിച്ചെങ്കിലും 2008 ൽ എം. മുകുന്ദന്റെ ‘പ്രവാസം’ അഞ്ചു വ്യത്യസ്ത കവറുകളുമായി ഇറങ്ങിയപ്പോൾ അതു പബ്ലിസിറ്റിക്കു വേണ്ടിയാണെന്നു പറഞ്ഞു വിവാദമാക്കാൻ ചില സാഹിത്യകാരന്മാർവരെ ശ്രമിച്ചു. കെ.ആർ. മീരയുടെ ‘ആരാച്ചാർ’, സാറാ ജോസഫിന്റെ ‘ബുധിനി’ എന്നിവയ്ക്കും അഞ്ചു കവറുകളുണ്ടായി.
രണ്ടായിരം വ്യത്യസ്ത കവറുകൾ എന്ന റിപ്പോർട്ട് മനോരമയിൽ മാത്രം വന്ന ദിവസം മംഗളം റിപ്പോർട്ടർ ഭാസ്കരനെ കാണാൻ ചെന്നു. ഒരു വ്യത്യസ്ത തുടക്കം കിട്ടാനായി അവർ പല ചോദ്യങ്ങളും ചോദിച്ചതിലൊന്ന് ‘കൃത്യം രണ്ടായിരമായിരുന്നോ അതോ അതിലൽപം കൂടുതലുണ്ടായിരുന്നോ?’ എന്നായിരുന്നു. അപ്പോൾ നാക്കിൽ വന്ന ഒരു സംഖ്യ ഭാസ്കരൻ പറഞ്ഞു: 2007.
പിറ്റേന്ന് മംഗളത്തിന്റെ തലക്കെട്ട്: 2007 വ്യത്യസ്ത കവറുകളുമായി ഭാസ്കരൻ ഗോദയിലേക്ക്.
English Summary: ‘Kadhakoottu’ Column written by Thomas Jacob, Interesting stories book cover design