ADVERTISEMENT

ജോലിസ്ഥലത്തെ ഡെസ്കുകളില്‍ ചെറിയ അലങ്കാരച്ചെടികള്‍ വയ്ക്കുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ആരെങ്കിലും ഇങ്ങനെ വാഴപ്പഴം പഴുപ്പിക്കാന്‍ വയ്ക്കുമോ? ചൈനയിലെ ജോലിക്കാര്‍ക്ക് ഇപ്പോള്‍ ഇതാണ് ഹോബി!

'സ്‌റ്റോപ്പ് ബനാന ഗ്രീൻ' എന്നാണ് ഈ ട്രെൻഡ് അറിയപ്പെടുന്നത്. ചൈനയിൽ ഒരു ആഴ്ചയിലെ ശരാശരി കോർപ്പറേറ്റ് പ്രവൃത്തി സമയം 49 മണിക്കൂറിൽ കൂടുതലാണ്. ഇങ്ങനെ അമിത ജോലി ചെയ്യുന്ന പല യുവ പ്രൊഫഷനലുകളും തങ്ങളുടെ ജോലിസ്ഥലത്തെ സമ്മർദ്ദവും ഉത്കണ്ഠയും ലഘൂകരിക്കാനുള്ള മാര്‍ഗമായാണ് ഡെസ്കില്‍ വാഴപ്പഴം പഴുപ്പിക്കുന്നത്.

ഇംഗ്ലീഷിൽ "ഉത്കണ്ഠ ഒഴിവാക്കൂ" എന്നർത്ഥം വരുന്ന 'ടിംഗ് ഷി ജിയാവോ ലു' എന്ന മന്ദാരിൻ പദത്തിൽ നിന്നാണ് 'സ്റ്റോപ്പ് ബനാന ഗ്രീൻ' എന്ന പേര് വന്നത്.

banana
Image Credit:ligora/Istock

ഇവര്‍ മാർക്കറ്റുകളിൽ നിന്നും നല്ല ഫ്രഷ്‌ പച്ചക്കായ വാങ്ങിക്കുന്നു. ഏകദേശം ഒരാഴ്ചയിലേറെ മേശപ്പുറത്ത് ഒരു പാത്രത്തില്‍ നിറച്ച വെള്ളത്തില്‍ ഇതിന്‍റെ തണ്ട് മുക്കി വയ്ക്കുന്നു. വാഴപ്പഴം ക്രമേണ, പച്ചയില്‍ നിന്നും മഞ്ഞയിലേക്ക് മാറുന്നു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും ഈ ട്രെന്‍ഡ് ചൈനാക്കാരുടെ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നു.

വളരെ ലളിതമെന്നു തോന്നാമെങ്കിലും, ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇത് വളരെ ഫലപ്രദമാണ് എന്നാണ് റിപ്പോര്‍ട്ട്.  പച്ച നിറം മുതൽ സ്വർണ മഞ്ഞ വരെയുള്ള പഴത്തിന്‍റെ മാറ്റത്തില്‍, ഓരോ നിമിഷവും അനന്തമായ പ്രതീക്ഷകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആളുകള്‍ പരസ്പരം ഇതേക്കുറിച്ച് സംസാരിക്കുന്നു. വാഴപ്പഴത്തിന്‍റെ തൊലിയില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ പേര് കോറി വരയ്ക്കുന്നു.

ഇങ്ങനെ പഴം തങ്ങളുടെ മേശപ്പുറത്ത് സൂക്ഷിക്കുന്ന വ്യക്തികൾക്ക് ഉത്കണ്ഠയും സമ്മർദ്ദവും കുറഞ്ഞതായി 2020 ലെ ഒരു ജാപ്പനീസ് പഠനത്തിൽ കണ്ടെത്തി. മുഴുസമയ ഡെസ്ക് ജോലിക്കാര്‍, തങ്ങളുടെ ജോലി ബോറായി തുടങ്ങുമ്പോഴെല്ലാം ഈ പഴത്തെ പരിപാലിച്ചു കൊണ്ട് മൂന്നു മിനിറ്റ് ബ്രേക്ക് എടുക്കുന്നു. 

ആലിബാബ ഗ്രൂപ്പ് നടത്തുന്ന പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ താവോബാവോ, ഈ ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഴപ്പഴം വില്‍ക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ കൊള്ളവിലയ്ക്കാണ് വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വാഴക്കൃഷിക്ക് പുറമേ, ചില യുവ പ്രൊഫഷനലുകൾ പൈനാപ്പിളും വളർത്തുന്നുണ്ട്.

English Summary:

Ripening Bananas Workplace Trend China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com