ADVERTISEMENT

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കുന്നത് വളരെ നല്ലതാണെന്ന് നമുക്കറിയാം. ഇങ്ങനെ കഴിക്കുമ്പോള്‍, സാധാരണ രീതിയില്‍ കഴിക്കുന്നതിനേക്കാള്‍ അനേകമിരട്ടി ഗുണമാണ് ശരീരത്തിന് ലഭിക്കുന്നത്. മുളപ്പിക്കുന്നത് വഴി പയർ വർഗങ്ങളിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കും. ഇവ സങ്കീര്‍ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുകയും ചെയ്യും. 

പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍റെ അളവ്, അവ മുളപ്പിക്കുന്നതോടെ ഗണ്യമായി വര്‍ദ്ധിക്കും. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് സഹായിക്കും. മുളപ്പിക്കുന്നത് വഴി പയർ വർഗങ്ങൾ ,ധാന്യങ്ങൾ എന്നിവയിലെ വിറ്റാമിന്‍ എ, ബി കോംപ്ലക്സ്, സി, ഇ എന്നിവയെല്ലാം വര്‍ദ്ധിക്കും. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ മിനറലുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ദഹനസമയത്ത് പ്രോട്ടീനുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ഇവ സഹായിക്കും. കൂടാതെ, രക്തത്തിലെ ഇരുമ്പിന്‍റെയും കോപ്പറിന്‍റെയും അളവ് കൂട്ടി  രക്തചംക്രമണം വർധിപ്പിക്കുന്നു. 

sprouting-legumes1
Image Credit: ziprashantzi/Istock

മുളയ്ക്കുമ്പോൾ പയറിൽ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാൻ ഉപയോഗിക്കുന്നു. അതിനാല്‍, അന്നജത്തിന്‍റെ അളവ് ഇവയില്‍ വളരെ കുറവാണ്. തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് പയര്‍വര്‍ഗങ്ങള്‍ ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്.

എങ്ങനെയാണ് പയര്‍വര്‍ഗങ്ങള്‍ മുളപ്പിക്കേണ്ടത്?

ചെറുപയർ, കടല, ബാർലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയർ വർഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. എന്നാല്‍, മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം എന്ന കാര്യം ശ്രദ്ധിക്കുക

Image Credit: Anna_Pustynnikova/shutterstock
Image Credit: Anna_Pustynnikova/shutterstock

ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. എന്നിട്ട്, നന്നായി അടച്ചുവയ്ക്കണം. 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. ശേഷം നല്ല മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. ഒരു ദിവസം കഴിയുമ്പോള്‍ തന്നെ ഇവയില്‍ ചെറുമുള വരുന്നത് കാണാം. ഇവ സാലഡ് ആയോ വേവിച്ചോ കഴിക്കാം.

ഇവ ശ്രദ്ധിക്കാം

മിക്കവാറും പയർപരിപ്പ് വർഗങ്ങൾ പോളിഷ് ചെയ്ത് നല്ല നിറമൊക്കെ പൂശിയാണ് നമ്മുടെ കൈകളിലെത്തുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ നിറങ്ങളും അഡിറ്റീവുകളും ഉപയോഗിച്ചാണ് മിനുക്കിയിരിക്കുന്നത്. നിറങ്ങളുടെയും തിളക്കമുള്ള അഡിറ്റീവുകളുടെയും സാന്നിധ്യം ഒഴിവാക്കാൻ പയർ നന്നായി കഴുകി കുതിർക്കാൻ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ചില സന്ദർഭങ്ങളിൽ പയറിന്റെ  ശുചീകരണവും വൃത്തിഹീനമായ പാക്കേജിങ്ങും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, സുരക്ഷിതമായ ഉപഭോഗം ഉറപ്പാക്കാൻ പയർ ശരിയായി കഴുകുക, കുതിർക്കുക, ശേഷം മാത്രം പാകം ചെയ്യുക. 

പാകം ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിങ്ങൾ പയർവർഗങ്ങളും പയറും കുതിർക്കേണ്ടതിന്റെ മറ്റൊരു കാരണം പാചക സമയം കുറയ്ക്കുക എന്നതാണ്. രാജ്മ, ഗ്രീൻപീസ്, കടല എന്നിവ മൃദുവാക്കാൻ ആവശ്യമായ സമയം ഏകദേശം 10-12 മണിക്കൂറാണ്. ചെറുപയർ, ഉഴുന്ന്, പരിപ്പ്, എന്നിവയ്ക്ക് 6-8 മണിക്കൂറും ആവശ്യമാണ്.

നന്നായി കുതിർത്ത് വൃത്തിയാക്കിയ ശേഷം,പരിപ്പ് അടക്കമുള്ളവ വേവിയ്ക്കുമ്പോൾ, ഒരു നുള്ള് മഞ്ഞൾപൊടി കൂടി ചേർക്കണം. ഇത് പയർവർഗങ്ങൾ അടങ്ങിയിരിക്കുന്ന അവശേഷിക്കുന്ന വിഷാംശത്തെക്കൂടി നീക്കി ഒരു ആൻറി ബാക്ടീരിയൽ എഫക്ടായി നിലകൊള്ളും.

English Summary:

Guide to Sprouting Legumes Health Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com