ADVERTISEMENT

കടയില്‍ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലുമുള്ള കീടനാശിനികള്‍ കളയുക എന്നത് വലിയൊരു പണിയാണ്. ഇവ വെറുതെ കഴുകിയാല്‍ പോരാ, അഴുക്കും കെമിക്കലുകളും ശരിക്ക് പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ശരിയായ ശുചീകരണ രീതികള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

പണ്ടുകാലം തൊട്ടേ, പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കാന്‍  ഉപ്പ്, മഞ്ഞൾ, ബേക്കിങ് സോഡ, വിനാഗിരി തുടങ്ങിയ അടുക്കള സാധനങ്ങള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ആൻറി ബാക്ടീരിയൽ, ആൻ്റിമൈക്രോബയൽ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇവ വളരെ ഫലപ്രദവുമാണ്. ഇതല്ലെങ്കില്‍ വെറും വെള്ളത്തില്‍ മുക്കി വച്ചും കീടനാശിനി കളയാന്‍ ശ്രമിക്കാറുണ്ട്.

vegetable-wash
Image Credit: fatihhoca/Istock

ചില പഴങ്ങളുടെയും പച്ചക്കറികളുടെയും പുറം തൊലിയിൽ നിന്ന് കീടനാശിനി അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ അവയുടെ പുറം തൊലി കളയാം. അതേപോലെ, വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുന്നതിനേക്കാള്‍ നല്ലത്, ഇവ ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുന്നതാണ് എന്ന് വിദഗ്ധര്‍ പറയുന്നു. 

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ), യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ), എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) എന്നിവ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ ഇനത്തിലും ഉപയോഗിക്കേണ്ട കീടനാശിനികളുടെ അളവ് നിയന്ത്രിതമാണ്‌. ചെറിയ അളവില്‍ ഇവ ഉള്ളില്‍ ചെന്നാല്‍ ആളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. 

ഭക്ഷണത്തില്‍ നിന്നും കീടനാശിനികൾ വൃത്തിയാക്കാൻ എഫ്ഡിഎ നിർദ്ദേശിച്ച ചില രീതികൾ ഇതാ...

- തൊലി കളഞ്ഞ് കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും പോലും ആദ്യമേ നന്നായി കഴുകുക.

- പഴങ്ങളും പച്ചക്കറികളും കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും, സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക

- ഒഴുകുന്ന വെള്ളത്തിനടിയിൽ പഴങ്ങളോ പച്ചക്കറികളോ ഒരു സ്‌ട്രൈനറിലാക്കി പിടിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളത്തില്‍ മുക്കി വയ്ക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതൽ കീടനാശിനി നീക്കം ചെയ്യപ്പെടും. ഇങ്ങനെ ചെയ്യുമ്പോള്‍ മുന്തിരി പോലുള്ളവ കൈകൊണ്ട് ഇളക്കി തടവി കഴുകുക.

- പഴങ്ങളും പച്ചക്കറികളും സോപ്പ്, ഡിറ്റർജൻ്റ് അല്ലെങ്കിൽ വാണിജ്യ ഉൽപന്നങ്ങൾ ഉപയോഗിച്ച് കഴുകുന്നത് FDA ശുപാർശ ചെയ്യുന്നില്ല. ഇവയൊന്നും വെള്ളത്തേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പഴങ്ങൾക്കും പച്ചക്കറികൾക്കും ചർമ്മത്തിലെ പോലെ സുഷിരങ്ങളുണ്ട്. സോപ്പ് ഉൽപന്നങ്ങൾ ഈ സുഷിരങ്ങളിൽ തങ്ങിനില്‍ക്കും. പച്ചക്കറികളും പഴങ്ങളും കഴുകാന്‍ പ്രത്യേകതരം സോപ്പുകള്‍ഉണ്ടെങ്കിലും വെള്ളമുപയോഗിച്ച് കഴുകുന്നത് അതിനെക്കാള്‍ ഫലപ്രദമാണ്.

-തണ്ണിമത്തൻ, ഉരുളക്കിഴങ്ങ് എന്നിവ പോലെ ഉറച്ച പുറംഭാഗമുള്ള ഉൽപ്പന്നങ്ങൾ വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. സ്‌ക്രബ് ചെയ്യുന്നത് കൂടുതൽ അവശിഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

- ചീര, കാബേജ് തുടങ്ങിയ ഇലക്കറികളുടെ പുറം ഇലകൾ കളയുക.

- പീച്ച് അല്ലെങ്കിൽ ആപ്പിൾ പോലെ തൊലി കളയാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ തൊലി കളയുക.

- ചൂടാക്കുന്നത് കീടനാശിനി അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പോഷകങ്ങളും നഷ്ടപ്പെടുത്തും.

English Summary:

Tips for Removing Pesticides from Fruits Veggies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com