ADVERTISEMENT

മഴക്കാലം തുടങ്ങി കഴിഞ്ഞു. അടുക്കളയും വീടിനുൾവശങ്ങളും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ചകൾ പോലുള്ള ചെറു പ്രാണികൾ ധാരാളമായി ആഹാരപദാർത്ഥങ്ങളിൽ വന്നിരിക്കുകയും പല തരത്തിലുള്ള അസുഖങ്ങൾക്കു അത് കാരണമാകുകയും ചെയ്യും. മഴക്കാലത്ത് അടുക്കള മാത്രം വൃത്തിയായി സൂക്ഷിച്ചാൽ മതിയാകില്ല. മറ്റുചില കാര്യങ്ങളിൽ കൂടി ശ്രദ്ധ വേണം. എന്തൊക്കെയെന്നു നോക്കാം. 

കിച്ചൻ ചിമ്മിനിയും എക്സ്ഹോസ്റ്റ് ഫാനും വൃത്തിയാക്കാം

ഉയർന്ന തീയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ആവി ഈർപ്പത്തിലേക്കു വഴിമാറും. അടുക്കളയിൽ ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവുമുണ്ടെങ്കിൽ ഈ ഈർപ്പത്തെ പ്രതിരോധിക്കാൻ കഴിയും. എന്നാൽ മഴക്കാലത്ത് ഇത് സാധ്യമല്ല. അവിടെയാണ് എക്സ്ഹോസ്റ്റ് ഫാനിന്റേയും ചിമ്മിനിയുടെയും ഉപയോഗം ആവശ്യമായി വരുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ ഇവ രണ്ടും വൃത്തിയാക്കി വെയ്ക്കുന്നത് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. 

വായുകടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കാൻ മറക്കരുത്

മഴക്കാലമായതു കൊണ്ട് തന്നെ എല്ലായിടങ്ങളിലും ചെറിയ ഈർപ്പവും നനവുമൊക്കെ കാണും. പഞ്ചസാരയും ഉപ്പുമൊക്കെ അലിഞ്ഞു പോകാനും അടുക്കളയിലെ മസാലപ്പൊടികളിലൊക്കെ പൂപ്പലുകൾ വരാനും സാധ്യതയുണ്ട്. സാധാരണ ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ മാറ്റി, വായു ഒട്ടും തന്നെയും കടക്കാത്ത പാത്രങ്ങളിലേക്കു ഇവ മാറ്റാനുള്ള സമയമായി. ഇങ്ങനെ ചെയ്യുന്നത് വഴി ഭക്ഷണ വസ്തുക്കളിലെ ബാക്റ്റീരിയ, ഫംഗസ് പോലുള്ളവയുടെ ഉപദ്രവം ചെറുക്കാം.

വിഭവങ്ങൾ രുചികരമാക്കാൻ മാത്രമല്ല, സുഗന്ധവ്യഞ്ജനങ്ങൾക്കു വേറെയും ഉപയോഗമുണ്ട് 

മഴക്കാലം പല വിധത്തിലുള്ള പകർച്ചവ്യാധികളുടെയും പനികളുടേയുമെല്ലാം കാലം കൂടിയാണ്. ജലദോഷം പോലുള്ള ചെറിയ അസ്വസ്ഥതകളെ ചെറുക്കാൻ ചുക്ക്, കുരുമുളക് പോലുള്ളവ ഏറെ ഉപകാരപ്രദമാണ്. കറുവപ്പട്ട, ഗ്രാമ്പു, ചുക്ക് എന്നിവയിലെല്ലാം ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. പല ചെറുരോഗങ്ങൾക്കുമുള്ള മരുന്നുകൾ കൂടിയാണിവ. മഴക്കാലമായതു കൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ കയ്യെത്തും ദൂരത്തു തന്നെ സൂക്ഷിക്കാൻ മറക്കരുത്.

സിങ്ക് പൈപ്പ് വൃത്തിയാക്കി വയ്ക്കണം 

മഴക്കാലങ്ങളിൽ അടുക്കളയിലെ സന്ദർശകരാണ് കൊതുകുകളും ചെറു ഈച്ചകളും. സിങ്കിന് താഴെ അഴുക്കുവെള്ളം കെട്ടികിടന്നാൽ കൊതുക് പെരുകുന്നതിനിടയാകും. അതുപോലെ തന്നെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ സൂക്ഷിച്ചാൽ ചെറിയ ഈച്ചയുടെ ശല്യവുമുണ്ടാകും. മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ സിങ്കിൽ നിന്നും വെള്ളം ചോരുകയോ താഴെ കെട്ടികിടക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവ ശരിയാക്കാൻ മറക്കരുത്. 

പഴങ്ങളും പച്ചക്കറികളും കരുതാൻ മടിക്കേണ്ട 

ഓരോ സീസൺ അനുസരിച്ചാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഴക്കാലത്തും അങ്ങനെ തന്നെയാണ് ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

English Summary:

Kitchen Maintenance Tips for Rainy Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com