ADVERTISEMENT

ഇന്ത്യയിലെ ഭക്ഷണവിഭവങ്ങളില്‍ പലതും ലോകപ്രശസ്തമാണ്. ഭക്ഷണമെന്നത് പലപ്പോഴും നമ്മുടെ സ്വകാര്യ അഭിമാനമാണ്. വീട്ടിലെ അടുക്കളയും, റോഡരികിലെ കുഞ്ഞുകുഞ്ഞു സ്റ്റാളുകളും മുതല്‍, ആകാശം മുട്ടുന്ന ആഡംബര റസ്‌റ്ററന്റുകള്‍ വരെ നീളുന്ന രുചിപ്പെരുമകള്‍. പ്രത്യേക ശൈലിയില്‍ ഉണ്ടാക്കുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പരീക്ഷിക്കപ്പെടുന്നു. ഇവയില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും കൂടുതല്‍ ആളുകള്‍ വെറുക്കുന്നതുമായ ഭക്ഷണങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് ജനപ്രിയ ട്രാവൽ ആൻഡ് ഫുഡ് ഗൈഡ് പ്ലാറ്റ്‌ഫോമായ, ടേസ്റ്റ് അറ്റ്‌ലസ്.

upma
Image Credit: Image Credit: Jogy Abraham/Istock

ലോകമെമ്പാടുമുള്ള മികച്ച 'ബെസ്റ്റ് റേറ്റഡ്', 'വേഴ്സ്റ്റ് റേറ്റഡ്' ഇന്ത്യൻ വിഭവങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അച്ചപ്പവുമുണ്ട്. ഏറ്റവും മോശം റേറ്റിങ് കിട്ടിയ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ എഴാം സ്ഥാനത്താണ്‌ അച്ചപ്പം.  പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന അച്ചപ്പത്തിന്‌ 3.2 ആണ് റേറ്റിങ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റൊരു ഭക്ഷണമായ ഉപ്പുമാവും ഏറ്റവും മോശം ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ പത്താം സ്ഥാനത്തുണ്ട്. തേങ്ങാച്ചോര്‍, അവിയല്‍, കള്ളപ്പം, തൈര്സാദം, മുറുക്ക്, ജിലേബി, ഫലൂദ, കേരള സദ്യ, ഇഡ്ഡലി തുടങ്ങിയവയെല്ലാം തന്നെ മോശം ഭക്ഷണങ്ങളുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച മലയാളികളുടെ കമന്‍റുകള്‍ ടേസ്റ്റ് അറ്റ്‌ലസിന്‍റെ സോഷ്യല്‍ മീഡിയയില്‍ കാണാം.

ഇന്ത്യൻ പാനീയമായ ജൽജീരയാണ് ഏറ്റവും മോശം ഭക്ഷണങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഉത്തരേന്ത്യയിൽ പുരാതനകാലം മുതല്‍ക്കേ പ്രചാരത്തിലുള്ള ഒരു ജനപ്രിയ വേനല്‍ക്കാല പാനീയമാണ് ജല്‍ജീര. ഗജക്, തേങ്ങാച്ചോര്‍, പാന്‍റ ഭട്ട്, ആലൂ ബെയ്ങ്കന്‍, തണ്ടായ്, അച്ചപ്പം, മിര്‍ച്ചി കാ സാലന്‍, മാല്‍പ്പുവ, ഉപ്പുമാവ് എന്നിവ യഥാക്രമം രണ്ടുമുതല്‍ പത്തുവരെ ഉള്ള സ്ഥാനങ്ങളില്‍ ഉണ്ട്.

ഈ ലിസ്റ്റില്‍ ഏറ്റവും മുന്നില്‍ ഉള്ളത് മാംഗോ ലസ്സിയാണ്. നേരത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാല്‍ പാനീയമായും ടേസ്റ്റ് അറ്റ്ലസ് മാംഗോ ലസ്സിയെ തിരഞ്ഞെടുത്തിരുന്നു. മസാലചായയാണ് രണ്ടാം സ്ഥാനത്ത്. കൂടാതെ, ബട്ടര്‍ ഗാര്‍ലിക് നാന്‍, അമൃത്സരി കുള്‍ച്ച, ബട്ടര്‍ ചിക്കന്‍, ഹൈദരാബാദ് ബിരിയാണി, ഷാഹി പനീര്‍, ചോലെ ബട്ടൂരെ, തണ്ടൂരി ചിക്കന്‍, കുറുമ എന്നിവയാണ് ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വന്ന മറ്റു വിഭവങ്ങള്‍.

എന്നാല്‍ ഈ പട്ടികയെക്കുറിച്ച് ആരും തന്നെ സംതൃപ്തരല്ല എന്നാണ് കമന്‍റുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍മാര്‍ക്ക് ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഇത്തരം ലിസ്റ്റ് ഉണ്ടാക്കിയതെന്ന് കുറെ ആളുകള്‍ കമന്‍റില്‍ പറഞ്ഞത് കാണാം. 'ഇന്ത്യക്കാരെക്കൊണ്ടു വേണം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ റേറ്റ് ചെയ്യിക്കാന്‍' എന്നും ആളുകള്‍ ആവശ്യപ്പെടുന്നു.

English Summary:

Indian Cuisine Worst Rated Taste Atlas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com