ADVERTISEMENT

അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല രോഗങ്ങളും അടുക്കളയിലാണാരംഭിക്കുക. അതിനാൽ അടുക്കളയിൽ ഉച്ഛിഷ്ടങ്ങൾ അവശേഷിക്കുവാൻ അനുവദിക്കരുത്. രാത്രിയിൽ പാത്രങ്ങൾ കഴുകാതെ നേരം വെളുക്കുന്നതു വരെ സൂക്ഷിക്കരുത്. അതുപോലെ തന്നെ പാചകം ചെയ്യുന്നതിനുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്.പച്ചക്കറിയായാലും മൽസ്യമാംസാദികളായാലും മുട്ടയായാലും പുതുമ നശിക്കാത്തവയായിരിക്കണം. പ്രായമുള്ളവർക്കു തങ്ങളുടെ സുദീര്‍ഘമായ അനുഭവപരിചയം മൂലം പാകത്തിനുള്ള ചേരുവകൾ കൃത്യമായ അനുപാതത്തിൽ കൂട്ടിച്ചേർക്കുവാനുള്ള കൈനിശ്ചയമുണ്ട്. പാചകകലയിൽ വേണ്ടത്ര പരിചയമില്ലാത്തവർക്കു തെറ്റു പറ്റാതിരിക്കുന്നതിനു വേണ്ടി ചേരുവകൾ സസൂക്ഷ്മം അളന്നും തൂക്കിയും ചേർക്കേണ്ടതാണ്. പാചകസാധനങ്ങൾ അളക്കുന്നതിനും തൂക്കുന്നതിനുമുള്ള ഉപകരണങ്ങൾ ഓരോ വീട്ടിലും ഉണ്ടായിരിക്കുന്നത് അഭിലഷണീയമായിരിക്കും. 

താഴപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതു നമ്മുടെ അനുദിന പാചകത്തിന് അത്യന്താപേക്ഷിതമാണ്. 

തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ വാടിപ്പോയാൽ, ഉപ്പും നാരങ്ങാനീരും ചേർത്ത വെള്ളത്തിൽ ഇട്ടു വയ്ക്കുക. രണ്ടു മൂന്നു മണിക്കൂർ കഴിയുമ്പോൾ ഇവയ്ക്കു പുതുമ കൈവരും. പപ്പടം കേടുകൂടാതിരിക്കാൻ അവ സൂക്ഷിക്കുന്ന ടിന്നിൽ അൽപം ഉലുവ ഇട്ടു വയ്ക്കുക.

അരി വേവിക്കുമ്പോൾ അല്പം ഉപ്പു ചേർക്കുന്ന പക്ഷം ചോറിന് ഉപ്പുണ്ടായിരിക്കും. മുട്ടയുടെ തോടു പൊട്ടിയതാണെങ്കിലും പുഴുങ്ങുമ്പോൾ വെള്ളത്തിൽ അൽപം ഉപ്പു ചേർക്കുന്ന പക്ഷം അതിന്റെ വെളള പുറത്തു ചാടുന്നതല്ല. ഉപ്പു ചേർത്തു മാംസം വേവിക്കുമ്പോൾ കുറച്ചു കടുകുപൊടി ഇടുന്ന പക്ഷം മാംസം കുറെക്കൂടി മയമുള്ളതായിത്തീരും. ഒരു കഷണം ഉരുളക്കിഴങ്ങു മുറിച്ചു കത്തിയുടെ വായ്ത്തലയിൽ തൂത്താൽ വായ്ത്തലയിലുള്ള ഏതു ഗന്ധവും മാറും. 

കൂടുതൽ സമയം കിടന്ന് അധികം വെന്തുപോയ മുട്ട കുറേ സമയം തണുത്ത വെള്ളത്തിൽ ഇട്ടാൽ നല്ല മയം വരും. അതിന്റെ രുചിയും മണവും മാറുകയും ചെയ്യും. 

മുട്ട പതയ്ക്കുമ്പോൾ നനവുള്ള ഒരു പാത്രമുപയോഗിക്കുകയാണെങ്കിൽ മുട്ടയുടെ മഞ്ഞ ഭാഗം അതിൽ പറ്റിപ്പിടിച്ചിരിക്കുകയില്ല. മിക്സ്ചർ ശരിക്കു മൂത്തു എന്നറിയുവാൻ വെള്ളത്തിൽ ഇട്ടു നോക്കുക. പൊങ്ങിക്കിടക്കുകയാണെങ്കിൽ മിക്സ്ചർ ശരിക്കു മൂത്തതാണെന്നു മനസ്സിലാക്കാം.

English Summary:

Keeping Kitchen Food Fresh Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com