73–ാം വയസ്സിലും മിഥുൻ ചക്രവർത്തി ഒരുങ്ങിത്തന്നെ; വീണ്ടും വരുന്നു ടഗോറിന്റെ ‘കാബൂളിവാല’
Mail This Article
ടഗോറിന്റെ ഒരു കഥ പറയൂ എന്നൊരു ചോദ്യം ഇന്ത്യയുടെ ഏതു സംസ്ഥാനത്തെ നാട്ടിൻപുറത്തു പോയും ഒരാളോടു ചോദിച്ചു നോക്കൂ. വലിയ ആലോചനയൊന്നും കൂടാതെ ആരും പറയും കാബൂളിവാലയുടെ കഥ. പല ദേശത്തും സ്കൂൾ കാലത്തുതന്നെയുള്ള പാഠമാണല്ലോ കാബൂളിവാലയുടേത്. ടഗോറിന്റെ മറ്റു പല കൃതികളെയും പോലെ കാബൂളിവാല എന്ന ചെറുകഥയും ഏതു കാലത്തിന്റേതുമാകുന്നത് അതിലെ കാലദേശാതിവർത്തിയായ നിഷ്കളങ്ക സ്നേഹം എന്ന പ്രമേയത്താലാണ്. സ്നേഹം അതിൽ ഒഴുകി നിറയുന്ന നദിയാണ്. അത് വായനക്കാരെ ഓളങ്ങൾകൊണ്ട് ഇളക്കിമറിക്കുന്നു. ടഗോറിന്റെ ദർശന പ്രകാരം സ്നേഹം എന്നത് എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. ഈ ദർശനംകൊണ്ട് ചുവടിളകിപ്പോയവരാണ് ടഗോറിന്റെ വായനക്കാർ. വായനക്കാരെ വിട്ട് നാടക പ്രേക്ഷകരിലേക്കും സിനിമാ പ്രേക്ഷകരിലേക്കും ടഗോർ സാഹിത്യം വളർന്നപ്പോഴും ടഗോറിന്റെ ഈ ദർശനങ്ങളും മാനവിക മൂല്യവുമൊക്കെ അതിലും നിറഞ്ഞുനിന്നു. കാബൂളിവാല എന്ന കഥയും പല കാലങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ സിനിമകളായി. ആദ്യം ബംഗാളിയിലും പിന്നെ ഹിന്ദിയിൽ ഒന്നിലേറെത്തവണയും കാബൂളിവാല അലഞ്ഞുതിരിഞ്ഞെത്തി. ഇതാ, സാങ്കേതിക വിദ്യകളും സിനിമയുടെ പ്രേക്ഷകരുമെല്ലാം മാറിമറിഞ്ഞ ഇക്കാലത്തും കാബൂളിവാല പുതിയ ഒരു സിനിമയായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണയും ബംഗാളി ഭാഷയിലാണ് കാബൂളിവാല എത്തുന്നത്. പിന്നണിയിൽ പ്രവർത്തിക്കുന്നതാകട്ടെ ബോളിവുഡിന്റെ ഇതിഹാസ താരം മിഥുൻ ചക്രവർത്തിയും. നായക വേഷത്തിലും എഴുപത്തിമൂന്നുകാരനായ മിഥുൻതന്നെയാണ് എത്തുക.