അന്ന് ദേവദൂതന് സംഭവിച്ചത് എന്താണ്? ‘സിബി അങ്ങനൊരു മനോനിലയിലാണെന്ന് അറിഞ്ഞില്ല; ആ നിർമാതാവ് വലിയൊരു പാഠം’
Mail This Article
‘‘നമ്മൾ ഒരു കഥ എഴുതുന്നു. അത് വായിച്ചിട്ട് ഇതെന്താണ് എഴുതിയതെന്ന് ഒരാൾ ചോദിക്കുമ്പോൾ കഥാകൃത്താണ് പരാജയപ്പെടുന്നത്. വായനക്കാരനത് മനസ്സിലാകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചിട്ടില്ല എന്നർഥം. പക്ഷേ കഥാകൃത്ത് വായനക്കാരനെ വഴക്കു പറയേണ്ട യാതൊരു കാര്യവുമില്ല. ‘ദേവദൂതൻ’ സിനിമ അന്നത്തെ പ്രേക്ഷകന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. അതിൽ പാളിച്ചകളുണ്ടായിരുന്നു...’’ ഇരുപത്തിനാലു വർഷം മുൻപ് തിയറ്ററിൽ പരാജയപ്പെട്ട ദേവദൂതൻ എന്ന ചിത്രം റീ റിലീസ് ചെയ്ത് പ്രേക്ഷകപ്രീതിയും വൻ കലക്‌ഷനും നേടുമ്പോൾ തിരക്കഥാകൃത്തായ രഘുനാഥ് പലേരിക്കു പറയാൻ ഒരുപാട് ഓർമകളുണ്ട്. അതിലൊന്നാണ്, എന്തുകൊണ്ടാണ് ദേവദൂതൻ അന്നു പരാജയപ്പെട്ടത് എന്നതിന്റെ ഉത്തരം. മേലേപ്പറമ്പിൽ ആൺവീടും പിൻഗാമിയും മൈ ഡിയർ കുട്ടിച്ചാത്തനും ഒന്നു മുതൽ പൂജ്യം വരെയും വാനപ്രസ്ഥവും തുടങ്ങി മലയാളിക്ക് മറക്കാനാവുന്നതല്ല പലേരിയുടെ കഥാപാത്രങ്ങളൊന്നും. എവിടെയോ കണ്ടുമറന്ന ഒരാളെപ്പോലെ ആ കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവുമെല്ലം ഇന്നും പ്രേക്ഷകരുടെ കാഴ്ചകളിൽ ഒട്ടിച്ചേർന്നിരിപ്പുണ്ട്. എങ്ങനെയാണ് ഹൃദയത്തെ സ്പർശിക്കും വിധം പല കഥാസന്ദർഭങ്ങളെയും അവരുടെ ജീവിതപരിസരത്തെയും പകർത്തിയെഴുതാൻ അദ്ദേഹത്തിനു സാധിച്ചത്? ജീവിതമാണ് അതിനുള്ള ഉത്തരമെന്നു പറയും അദ്ദേഹം. സിനിമാക്കാരനാവാൻ അലഞ്ഞു നടന്ന വഴികളെക്കുറിച്ച്, യാത്രകളെക്കുറിച്ച്, വീടിനെയും വീട്ടുകാരെയും കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് എല്ലാം മനസ്സുതുറക്കുകയാണ് രഘുനാഥ് പലേരി.