‘മറ്റാര് സംവിധാനം ചെയ്താലും അത് വികൃതമായേനെ’; എംടിയെ ‘ഹിറ്റ്’ ആക്കിയ ശശി; അന്ന് ‘ഊഞ്ഞാലി’നെതിരെ വിലാസിനിയും
Mail This Article
ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.