‘എന്റെ നായകന്മാർ തോറ്റു പോകുന്നവർ’; സിബി പറഞ്ഞു,‘പാഠപുസ്തകമാണ് ആ തിരക്കഥ’; അവഗണിച്ചിട്ടും ഒന്നാമതെത്തിയ മോഹൻലാൽ ചിത്രം
Mail This Article
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്‌മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്‍ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന്‍ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.