ജയലളിത നൃത്തം വച്ച ഫാക്ടറി! വളം വിൽക്കാൻ വയലാറിന്റെ വരികൾ; കേരളം വിജയിപ്പിച്ച ‘ഫാക്‌ട്’
Mail This Article
സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.