കടം കിട്ടിയ 80 രൂപയുമായി ടെറസിൽ തുടക്കം; ഇന്ന് ലാഭം 1600 കോടി; ഇത് ഗുജറാത്തി 'സഹോദരിമാരുടെ' വിജയം
Mail This Article
വിവാഹ സദ്യയിലെ തൂശനിലയിൽ ഇടതു വശത്തെ തൊടുകറികളെ മറച്ച് ഇരിപ്പുറപ്പിക്കുന്ന ഭീമൻ പപ്പടം മുതൽ പനിച്ചു പൊരിഞ്ഞു കിടക്കുമ്പോൾ കഞ്ഞിക്കൊപ്പം ഉപ്പുരസം പകരുന്ന ചുട്ട പപ്പടം വരെ... ഏത് ആഹാരമാവട്ടെ അതുമായി പപ്പടം വളരെ വേഗം കൂട്ടാവും. ഇതുപോലെ ഇന്ത്യയിലെ അരലക്ഷത്തോളം സ്ത്രീകളുടെ ജീവിതത്തിൽ കൂട്ടായി മാറിയ ലിജ്ജത്ത് പപ്പടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1959 ൽ ഏഴ് ഗുജറാത്തി സ്ത്രീകൾ അവരുടെ വീടുകളിൽ ആരംഭിച്ച ‘പപ്പടക്കമ്പനി’ പിന്നീട് വലിയൊരു പ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്നത് 42,000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന 1600 കോടി രൂപ ആസ്തിയുള്ള ഭക്ഷ്യനിർമാണ കമ്പനിയായി വളർന്നിരിക്കുന്നു. കേരളത്തിലുള്ളവർ ലിജ്ജത്ത് പപ്പടത്തെക്കുറിച്ച് അധികം കേട്ടിട്ടില്ലെങ്കിലും ഉത്തരേന്ത്യയിൽ കുറച്ച് നാളെങ്കിലും താമസിച്ചിട്ടുള്ളവർ ഈ പേര് മറക്കാൻ സാധ്യത കുറവാണ്.